'രാവിലെ നേരത്തെയാണ് വിമാനങ്ങള്‍ യാത്രയ്ക്കായി പുറപ്പെടുന്നത്. എന്നാല്‍ രാത്രിയില്‍ ഉറക്കമില്ലാത്തതിനാല്‍ പൈലറ്റുമാര്‍ക്ക് രാവിലെ ക്ഷീണമാണ്. ഇവര്‍ക്ക് കൃത്യമായ ഉറക്കം കിട്ടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വ്യോമസേന ആരോഗ്യവിഭാഗം തന്നെ എന്തെങ്കിലും വഴി കാണണം'

ബെഗലൂരു: രാത്രിയില്‍ മണിക്കൂറുകളോളം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനാല്‍ പൈലറ്റുമാര്‍ വേണ്ടത്ര ഉറങ്ങുന്നില്ലെന്ന് വ്യോമസേന മേധാവി മാര്‍ഷല്‍ ബി.എസ് ധനോവ. പൈലറ്റുമാര്‍ രാത്രിയില്‍ ആവശ്യത്തിന് ഉറങ്ങുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമാണെന്നും വ്യോമസേന മേധാവി ആവശ്യപ്പെട്ടു. 

'2013ല്‍ നടന്ന ഒരു അപകടത്തെ കുറിച്ചാണ് ഞാന്‍ ഓര്‍ക്കുന്നത്. അന്ന് അപകടത്തിന് കാരണമായത് പൈലറ്റ് ഉറങ്ങിപ്പോയതായിരുന്നു. അയാള്‍ക്ക് ആവശ്യത്തിന് ഉറക്കം നേരത്തേ ലഭിച്ചിരുന്നെങ്കില്‍ ആ അപകടം ഒഴിവാക്കാമായിരുന്നു. മിക്കവാറും രാവിലെ നേരത്തെയാണ് വിമാനങ്ങള്‍ യാത്രയ്ക്കായി പുറപ്പെടുന്നത്. എന്നാല്‍ രാത്രിയില്‍ ഉറക്കമില്ലാത്തതിനാല്‍ പൈലറ്റുമാര്‍ക്ക് രാവിലെ ക്ഷീണമാണ്. ഇവര്‍ക്ക് കൃത്യമായ ഉറക്കം കിട്ടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വ്യോമസേന ആരോഗ്യവിഭാഗം തന്നെ എന്തെങ്കിലും വഴി കാണണം'- മാര്‍ഷല്‍ ബി.എസ് ധനോവ പറഞ്ഞു. 

സോഷ്യല്‍ മീഡിയ ഉപയോഗത്തെ പൊതുവിലും അദ്ദേഹം വിമര്‍ശിച്ചു. ആളുകള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം കുറയാന്‍ സോഷ്യല്‍ മീഡിയ കാരണമായെന്നും ഒഴിവാക്കാനാകാത്ത ഒന്നായി ഇത് മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.