ദില്ലി: പാകിസ്ഥാന്‍ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) യ്ക്കുവേണ്ടി ഇന്ത്യയുടെ സുപ്രധാന രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ദില്ലിയിലെ വ്യോമസേനാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മാര്‍വ(51) യെയാണ് അറസ്റ്റ് ചെയ്തത്.

ഐഎസ്‌ഐ ചാരന്‍മാര്‍ സ്ത്രീയാണെന്ന വ്യാജേന ഫേസ്ബുക്കിലൂടെ ഇയാളുമായി ബന്ധപ്പെടുകയും ചാറ്റ് ചെയ്യുകയുമായിരുന്നു. ഏതാനും മാസങ്ങളായി ബന്ധം തുടര്‍ന്ന ചാരന്‍മാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസം പിടിച്ചുപറ്റുകയും രഹസ്യ വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. ആസൂത്രിതമായി ഇയാളെ കെണിയില്‍ പെടുത്തുകയും ഭീഷണിയിലൂടെ വിവരങ്ങള്‍ ചോര്‍ത്തുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഇവരുടെ സ്വാധീനത്തിനു വഴങ്ങി ഇയാള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സുപ്രധാന രേഖകളുടെ ചിത്രങ്ങളെടുത്ത് വാട്‌സ്ആപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നു. രഹസ്യ ഫയലുകള്‍ കൈകാര്യംചെയ്യാന്‍ അധികാരമുണ്ടായിരുന്ന അരുണ്‍ മാര്‍വ, സൈബര്‍ രംഗത്തെയും ശൂന്യാകാശ രംഗത്തെയും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും ഇയാള്‍ ഐഎസ്‌ഐക്ക് കൈമാറിയവയില്‍ ഉള്‍പ്പെടുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഇന്ത്യയുടെ രഹസ്യ സൈനികവിവരങ്ങള്‍ വന്‍തോതില്‍ ചോര്‍ത്തപ്പെട്ടതായി വ്യോമസേന കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അരുണ്‍ മാര്‍വയുടെ പങ്ക് തിരിച്ചറിഞ്ഞത്. ഇയാളെ പത്തു ദിവസമായി വ്യോമസേന ചോദ്യംചെയ്തു വരികയായിരുന്നു. തുടര്‍ന്നാണ് കേസ് ഡല്‍ഹി പോലീസിനു കൈമാറി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അരുണ്‍ മാര്‍വയെ അഞ്ചു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു.