ദില്ലി: വടക്കൻ ദില്ലിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി എയർഹോസ്റ്റസ് ആത്മഹത്യ ചെയ്തു. ദില്ലിയിലെ ലുഫ്താൻസാ എയർലൈൻസ് ജീവക്കാരിയായ അനിസ്യ ബത്രയാണ് പഞ്ചശീൽ പാർക്കിലെ തന്റെ വീടിന് മുകളിൽ നിന്ന് ചാടി മരിച്ചത്. എന്നാൽ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെയും മാതാപിതാക്കളുടെയും ആരോപണം. ദിവസങ്ങൾക്ക് മുമ്പ് അനിസ്യയുടെ പിതാവ് ഇവരുെട ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. മദ്യപിച്ചെത്തുന്ന ഇയാൾ അനീസ്യയെ മർദ്ദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നു എന്നായിരുന്നു പരാതി. അനിസ്യയ്ക്ക് എന്ത് സംഭവിച്ചാലും ഭർ‌ത്താവും ബന്ധുക്കളുമായിരിക്കും കാരണക്കാർ എന്നും പരാതിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.  

എന്നാൽ തനിക്ക് മെസ്സേജ് അയച്ചതിന് ശേഷം അനിസ്യ ടെറസിൽ നിന്ന് ചാടുകയായിരുന്നു എന്നാണ് ഭർത്താവ് മായങ്ക് സിം​ഗ്വി പൊലീസിന് നൽകിയ മൊഴി. താൻ ഓഫീസിൽ നിന്നും ഓടി വീട്ടിലെത്തിയപ്പോൾ അനിസ്യ ടെറസിൽ നിൽക്കുന്നതാണ് കണ്ടത്. മുകളിലെത്തിയപ്പോഴേയ്ക്കും ചാടിയിരുന്നു. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് മോയങ്ക് പറയുന്നു. എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് അനിസ്യയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്.