മുംബൈ:പറക്കുന്ന വിമാനത്തിനുള്ളില്‍ വച്ച് എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൈലറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. എയര്‍ഇന്ത്യ വിമാനത്തിന്‍റെ പൈലറ്റിനെയാണ് ഇതേ വിമാനത്തിലെ കാബിന്‍ ക്രൂ ആയ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ സഹര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

അഹമ്മദാബാദ്- മുംബൈ വിമാനത്തില്‍ വച്ച് മെയ് നാലിനാണ് പൈലറ്റ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പീഡനം നടന്ന ശേഷം വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയതിന് പിന്നാലെ എയര്‍ഹോസ്റ്റസ് പോലീസിലും എയര്‍ഇന്ത്യ അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 304 പ്രകാരം സഹര്‍ പോലീസ് പൈലറ്റിനെതിരെ കേസെടുക്കുകയും തുടര്‍ന്ന് ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഔദ്യോഗികമായി പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ എയര്‍ഇന്ത്യ അധികൃതര്‍ പോലീസ് അന്വേഷണത്തിന് എല്ലാ സഹകരണവും നല്‍കുമെന്ന് അറിയിച്ചു.