സ്റ്റോക്ക്ഹോം: പറന്നുയരുന്നതിനിടെ എയർ ഇന്ത്യ വിമാനം കെട്ടിടത്തിലിടിച്ചു. തലനാരിഴ്യ്ക്ക് ഒഴിവായത് വന്‍ ദുരന്തം. സ്വീഡന്റെ  തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ അര്‍ലാന്‍ഡ വിമാനത്താവളത്തിലാണ് അപകടം നടന്നത്. ദില്ലിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. 

179 യാത്രക്കാരുമായി പറന്നുയർന്ന  വിമാനത്തിന്റെ ചിറക് അഞ്ചാം ടെര്‍മിനലിലെ കെട്ടിടത്തിലിടിക്കുകയായിരുന്നു. എന്നാൽ ചിറക് തട്ടിയെങ്കിലും അപകടം ഒന്നും കൂടാതെ എല്ലാവരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. യാത്രക്കാര്‍ക്കോ വിമാനത്തിലെ ജീവനക്കാര്‍ക്കോ പരിക്കുകളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവ ശേഷം വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും മൊബൈല്‍ സ്റ്റെയര്‍കേസ് വഴി പുറത്തിറക്കുകയായിരുന്നുവെന്ന്  വാര്‍ത്താ ഏജന്‍സിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം അപകട കാരണം എന്തെന്ന് വ്യക്തമല്ലെന്നും പൊലീസ് പറയുന്നു. അഞ്ചാം ടെര്‍മിനലില്‍ നിന്നും 50 മീറ്റര്‍ അകലെവച്ചാണ് അപകടം നടന്നത്. ഇത്തരത്തിൽ കഴിഞ്ഞമാസം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നും ദുബൈയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ ചുറ്റുമതിലിൽ ഇടിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ താഴ്ഭാഗത്തിന് കേടുപാട് സംഭവിക്കുകയുണ്ടായി.136 യാത്രക്കാരാണ് അന്ന് വിമാനത്തിൽ ഉണ്ടായിരുന്നത്.