റൺവേ അറ്റകുറ്റപ്പണികളെ തുടർന്ന് മൂന്ന് വർഷം മുൻപാണ് കരിപ്പൂരിൽ നിന്നുള്ള വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചത്. തുടർന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും പരിശോധനകൾ പൂർത്തിയാക്കി തടസ്സങ്ങൾ ഇല്ലെന്ന് വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. 

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് തുടങ്ങാന്‍ എയർ ഇന്ത്യ സന്നദ്ധത അറിയിച്ചു. ഇതു സംബന്ധിച്ച കത്ത് എയർപോർട്ട് ഡയറക്ടർക്ക് കൈമാറി. എയർ ഇന്ത്യ കൂടി സന്നദ്ധ അറിയിച്ചതോടെ ഹജ്ജ് എംപാർക്കേഷൻ പോയിന്‍റ് കരിപ്പൂരില്‍ പുനസ്ഥാപിക്കാനുള്ള സാധ്യതയേറി.

റൺവേ അറ്റകുറ്റപ്പണികളെ തുടർന്ന് മൂന്ന് വർഷം മുൻപാണ് കരിപ്പൂരിൽ നിന്നുള്ള വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചത്. തുടർന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും പരിശോധനകൾ പൂർത്തിയാക്കി തടസ്സങ്ങൾ ഇല്ലെന്ന് വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. 

ജൂലൈ 20 ന് കോഴിക്കോട് നിന്ന് ജനപ്രതിനിധികളുടെ സംഘം എയർ ഇന്ത്യ സിഎംഡിയെ കാണുകയും വലിയ വിമാനങ്ങളുടെ സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഓഗസ്റ്റ് 14 ന് സുരക്ഷാ പരിശോധന പൂർത്തിയാക്കിയ റിപ്പോർട്ട് എയർ, ഇന്ത്യ വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചു. സന്നദ്ധത അറിയിച്ചുള്ള റിപ്പോര്‍ട്ട് ഇന്നാണ് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് എയർ ഇന്ത്യ നല്‍കിയത്. 

ജിദ്ദയിലേക്കുള സർവീസ്സാണ് തുടങ്ങുക. കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയപ്പോൾ ഹജ്ജ് എംപാർക്കേഷൻ പോയിന്‍റ് കൊച്ചിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ മലബാറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ ബുദ്ധിമുട്ടിലായി. വലിയ വിമാനങ്ങളുടെ സർവീസ് വീണ്ടും തുടങ്ങുന്നതോടെ ഹജ്ജ് എംപാർക്കേഷൻ പോയിന്‍റ് കരിപ്പൂരിൽ പുനസ്ഥാപിച്ചേക്കും. 

ഇതിനിടെ, സൗദി എയർലൈൻസ് കരിപ്പൂരിനൊപ്പം തിരുവനന്തപുരത്ത് നിന്ന് സ്ഥിരം സർവീസ് തുടങ്ങാൻ അനുമതി തേടി വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. വിമാനത്താവളവികസനത്തിന് ഭൂമി ഏറ്റെടുത്ത് നൽകണമെന്ന് കഴിഞ്ഞ ദിവസവും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു റിച്ചാർഡ് ഹേ എംപിക്ക് അയച്ച കത്തിൽ പറ‌ഞ്ഞിരുന്നു. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ സംസ്ഥാന സർക്കാർ തുടങ്ങിയിട്ടില്ല.