യു.എ.ഇയിലെ സ്കൂള്‍ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കുടുംബങ്ങളായി താമസിക്കുന്ന പലരും കേരളത്തിലേക്ക് യാത്ര ചെയ്യുന്നത്. ഈ മാസങ്ങളില്‍ വിമാനങ്ങളില്‍ ടിക്കറ്റ് കിട്ടാത്ത അവസ്ഥ വരെ ഉണ്ടാവാറുണ്ട്. ഈ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമെങ്കില്‍ കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഫെബ്രുവരി ഒന്ന് മുതല്‍ എയര്‍ ഇന്ത്യയുടെ ആധുനിക വിമാനമായ ഡ്രീം ലൈനര്‍ കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങിയിരുന്നു. കുറഞ്ഞ നിരക്കും 40 കിലോഗ്രാം സൗജന്യ ബാഗേജും അടക്കമുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചത്. നല്ല പ്രതികരണമാണ് യാത്രക്കാരില്‍ നിന്നും ലഭിക്കുന്നതെന്നും പങ്കജ് ശ്രീവാസ്തവ വ്യക്തമാക്കി. ധാരാളം വിനോദ സഞ്ചാരികള്‍ ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഇവര്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക ടൂറിസം പാക്കേജുകള്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.