നാളെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ നിയന്ത്രിയ്ക്കുന്നത് സ്ത്രീകള്‍

ദില്ലി: സാര്‍വ്വദേശീയ വനിതാ ദിനമായ നാളെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിയ്ക്കുന്നത് സ്ത്രീകളാകും. എയര്‍ ഇന്ത്യയുടെ എട്ട് അന്താരാഷ്ട്ര വിമാനങ്ങളിലാണ് പൈലറ്റുമാരും മറ്റ് സ്റ്റാഫുകളുമായി വിമാനം മുഴുവനും സ്ത്രീകളുടെ നിയന്ത്രണത്തിലാകുക. 

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗളൂര്‍, മുംബൈ, ദില്ലി, എന്നിവിടങ്ങളില്‍ നിന്നാണ് സ്ത്രീകളുടെ നിയന്ത്രണത്തില്‍ വിമാനം പറന്നുയരുക. ബുധനാഴ്ച പുറത്തിറക്കിയ കുറിപ്പിലാണ് എയര്‍ ഇന്ത്യ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 

ഒപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നാളെ യാത്ര ചെയ്യുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും സ്വീകരണം നല്‍കും. സ്ത്രീ യാത്രികരെ പൂക്കളും മധുരവും നല്‍കി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയിലെ ജീവനക്കാരില്‍ 40% ശതമാനം വരുന്ന സ്ത്രീകളെയും ആദരിക്കും.