Asianet News MalayalamAsianet News Malayalam

വ്യാജപ്രചരണം വേണ്ട, നടപടി നേരിടേണ്ടി വരും:ജോബിക്ക് താക്കീതുമായി വ്യോമസേന

സംഭവത്തില്‍ ഇത്രയും ദിവസം മൗനം പാലിച്ച വ്യോമസേനാ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ ജോബി ജോയി നിരപരാധി ചമയാന്‍ ശ്രമിച്ചതോടെയാണ് ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. 

airforce warns joby joy
Author
Trivandrum, First Published Aug 23, 2018, 1:28 PM IST

തിരുവനന്തപുരം: പ്രളയത്തിനിടെ ഇന്‍സുലിന്‍ വാങ്ങാനിറങ്ങി ഹെലികോപ്ടറില്‍ കയറി തിരുവനന്തപുരത്ത് ഇറങ്ങിയ ജോബി ജോയിയുടെ കഥ സോഷ്യല്‍മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. എന്നാല്‍ ജോബിയെ തിരുവനന്തപുരത്ത് എത്തിക്കാന്‍ പറന്ന സമയം കൊണ്ട് വ്യോമസേനയ്ക്ക് ഇന്ധനഷ്ടവും ദുരന്തമേഖലയില്‍ നിന്നും ഒരു അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്താനുള്ള അവസരവും നഷ്ടപ്പെട്ടെന്നുള്ള വിവരം പുറത്തു വന്നതോടെ ഇയാള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. 

സംഭവത്തില്‍ ഇത്രയും ദിവസം മൗനം പാലിച്ച വ്യോമസേനാ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ ജോബി ജോയി നിരപരാധി ചമയാന്‍ ശ്രമിച്ചതോടെ  ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്. സേനയുടെ രക്ഷാ ദൗത്യത്തിന് സാരമായ ബുദ്ധിമുട്ട് ഉണ്ടാക്കിയ ജോബിയ്ക്കെതിരെ ഒരു നിയമ നടപടിയും സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാരിന്‍റെ ദുരിതാശ്വാസക്യാംപിലേക്ക് അയക്കുകയാണ് വ്യോമസേന ചെയ്തതെന്ന് സേനയുടെ തിരുവനന്തപുരം മേഖല പിആര്‍ഒ ധന്യാ സനല്‍ ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു. 

എന്നാല്‍ തിരിച്ചു നാട്ടിലെത്തിയ ജോബി താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന രീതിയിലുള്ള പ്രചരണമാണ് വാര്‍ത്തമാധ്യമങ്ങളിലൂടേയും നവമാധ്യമങ്ങളിലൂടേയും നടത്തിയത്. ജോബി ജോയ് എന്താണ് ചെയ്തത് എന്നതിന് ഹെലികോപ്ടറിലുണ്ടായിരുന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ മാത്രമല്ല രക്ഷാപ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകരും സാക്ഷികളാണെന്ന് ധന്യ പറയുന്നു. അവരിലൂടെയാണ് ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്. 

തനിക്കൊരു അബദ്ധം പിണഞ്ഞതാണെന്നും താഴ്ന്നു പറന്നു വന്ന ഹെലികോപ്ടറിലെ ഉദ്യോഗസ്ഥര്‍ കയറുന്നോ എന്നു ചോദിച്ചപ്പോള്‍ താന്‍ കയറി പോരുകയാണ് ഉണ്ടായതെന്നുമാണ് പിന്നീട് ചില മാധ്യമങ്ങളിലും ഫേസ്ബുക്ക് ലൈവിലും പ്രത്യക്ഷപ്പെട്ടു കൊണ്ട് ജോബി വിശദീകരിച്ചത്. എന്നാല്‍ താഴ്ന്നു പറന്ന ഹെലികോപ്ടറിനെ വിളിച്ചു വരുത്തി അതില്‍ കയറുകയായിരുന്നു ജോബിയെന്ന് ധന്യ പറയുന്നു. തിരുവന്തപുരത്തേക്കാണ് ഹെലികോപ്ടര്‍ പറക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ തന്നെ തിരികെ ഇറക്കണമെന്ന് ജോബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 

സുരക്ഷയ്ക്ക് വേണ്ടിയല്ല ഹെലികോപ്ടറില്‍ കയറാന്‍ വേണ്ടി മാത്രമാണ് ജോബി ഇതു ചെയ്തതെന്ന് അറിഞ്ഞിട്ടും തങ്ങള്‍ ജോബിയെ സര്‍ക്കാര്‍ ക്യാംപിലേക്ക് മാറ്റി എന്നാല്‍ ഇനിയും വ്യാജപ്രചരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ജോബിയുടെ ശ്രമമെങ്കില്‍ വ്യോമസേനയുടെ ദൗത്യം തടസ്സപ്പെടുത്തിയതിനും ഹെലികോപ്ടറിനുണ്ടായ ഇന്ധനനഷ്ടത്തിനും ജോബി നിയമനടപടി നേരിടേണ്ടി വരുമെന്ന് ധന്യ പറയുന്നു. ചെയ്ത തെറ്റ് മൂടി വെയ്ക്കാൻ അസത്യം പ്രചരിപ്പിക്കുന്ന വീഡിയോയുമായി ഈ വഴി വരല്ലേ എന്ന് അപേക്ഷയോട് കൂടിയാണ് ധന്യ സനല്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ധന്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം...
ജോബി ജോയ് എന്ന വെക്തി ചെങ്ങന്നൂർ ഭാഗത്തു നിന്നും ജോയ്റൈഡ് നടത്തി എന്ന പത്രവാർത്തയെ തുടർന്ന് ആ വെക്തിയും നാട്ടുകാരും ചേർന്ന് ഒരു വിശദീകരണ വീഡിയോ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു.

തിരക്കേറിയ രക്ഷാപ്രവർത്തനത്തിനിടയിൽ പ്രാധാന്യം അർഹിക്കുന്നതെങ്കിലും , ഇത്തരം ചെറിയ കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാം എന്നാണ് കരുതിയത്. പക്ഷേ, രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തും വിധം പെരുമാറിയ ജോബി ജോയ് നാട്ടിൽ തിരിച്ചെത്തി നല്ല പിള്ള ചമയുന്ന വീഡിയോ പ്രചരിപ്പിക്കുമ്പോൾ അതിന് മറുപടി പറയണമെന്നും , യാഥാർത്ഥത്തിൽ നടന്നത് എന്താണെന്ന് വിശദീകരിക്കണം എന്നും തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

#എങ്ങനെആണ് #വ്യോമസേനറെസ്ക്യൂ #ഓപറേഷൻസ്നടത്തുന്നത്?
1.ജില്ലാ ഭരണകൂടം സംസ്ഥാന ദുരന്തനിവരണ അഥോറിറ്റി മുഖേന ,ആളുകൾ കുടുങ്ങി കിടക്കുന്ന കോർഡിനേറ്റ്സ് എയർഫോഴ്സിന് ലഭ്യമാക്കുന്നു.

2. ആക്കുളത്തുള്ള ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിന്റെ നിർദ്ദേശം അനുസരിച്ച് ശംഖുമുഖം എയർ ഫോഴ്സ് സ്റ്റേഷൻ ടെക്നിക്കൽ ഏരിയയിൽ നിന്നും എയർ ഓപ്പറേഷൻസ് നടത്തുകയും, ഏത് കോർഡിനേറ്റ്സിൽ ആണോ രക്ഷാപ്രവർത്തനം ആവശ്യമുള്ളത് ,ആ പ്രദേശത്തേയ്ക്ക് ഹെലികോപ്റ്റർ അയയ്ക്കുകയും ചെയ്യുന്നു.

3. തങ്ങൾക്കു ലഭിച്ച കോർഡിനേറ്റ്സ് അനുസരിച്ച് ദുരന്തമുഖത്ത് എത്തുന്ന ഹെലികോപ്റ്റർ താഴ്ന്ന് പറന്ന് നിരീക്ഷണം നടത്തുന്നു.ഏറ്റവും പ്രധാന്യം അർഹിക്കുന്ന പ്രായമായവർ,രോഗികൾ, കുട്ടികൾ,ഗർഭിണികൾ എന്നീ വിഭാഗങ്ങളുടെ റസ്ക്യൂ അഭ്യർത്ഥനയ്ക്ക് ആണ് വ്യോമമാർഗത്തിലുള്ള റസ്ക്യൂ മിഷനിൽ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്.

4.ദുരന്തമുഖത്ത് എത്തുന്ന ഹെലികോപ്റ്റർ താഴ്ന്ന് പറന്ന് എന്താണ് ആവശ്യം എന്ന് ദുരന്ത ബാധിതരോട് ആംഗ്യഭാഷയിൽ ചോദിക്കും. ഭക്ഷണം ആവശ്യപ്പെട്ടാൽ ഭക്ഷണ ചാക്ക് താഴേയ്ക്ക് എറിഞ്ഞു കൊടുക്കും. "കൂടെ പോരുന്നോ " എന്ന് ആംഗ്യ ഭാഷയിൽ ചോദിക്കും. "പോരുന്നു" എന്ന് ആംഗ്യഭാഷയിൽ മറുപടി കിട്ടിയാൽ മാത്രമേ കമാന്റോ താഴേയ്ക്ക് ഇറങ്ങി അയാളെ ഹെലികോപ്റ്ററിൽ കേറ്റുകയുള്ളൂ.

ജീവൻ രക്ഷിക്കാൻ പെടാപാട് പെട്ട് ഓടുന്ന ഹെലികോപ്റ്റർ സംഘത്തിനും , ദുരന്തമുഖത്ത് കുടുങ്ങി കിടക്കുന്നവർക്കും ആംഗ്യ ഭാഷ മനസ്സിലായി. 28 വയസുള്ള ജോബി ജോയ്ക്ക് മാത്രം " ഭക്ഷണം വേണോ " ," കൂടെ പോരുന്നോ " എന്നീ രണ്ട് ആംഗ്യ ഭാഷ മനസ്സിലായില്ല എന്ന് സ്ഥാപിക്കുവാൻ നാട്ടിൽ തിരിച്ചെത്തി വീഡിയോ എടുത്ത് പ്രചരിപ്പിക്കേണ്ടി വന്നു!!

#ജോബിജോയ്ടെകാര്യത്തിൽസംഭവിച്ചത്എന്താണ്?
ഞാറാഴ്ച്ച ഉച്ചതിരിഞ്ഞ് നടന്ന രക്ഷാപ്രവർത്തനം കവർ ചെയ്യാൻ ടൈംസ് ഓഫ് ഇന്ത്യയിലെ രാകേഷും, UNAയിലെ സുനീഷും വ്യോമസേനയുടെ Mi17V5 ഹെലികോപ്റ്ററിൽ സഞ്ചരിച്ചിരുന്നു. അതേ ഹെലികോപ്റ്ററിലെ സംഘത്തെ വിളിച്ച് വരുത്തി ആണ് മേൽ പറഞ്ഞ ജോബി ജോയ് തന്റെ ഹെലികോപ്റ്റർ യാത്ര എന്ന സ്വപ്നം നിറവേറ്റിയത്.

ടൈംസ് ഓഫ് ഇന്ത്യ ലേഖകൻ രാകേഷ് തന്റെ ലേഖനത്തിൽ പറഞ്ഞ ഓരോ കാര്യങ്ങളും അദ്ധേഹം നേരിട്ട് കണ്ട് അനുഭവിച്ചതാണ്.

അത്യന്തം കോംപ്ലക്സായ റസ്ക്യൂ മിഷന്റെ ഇടയ്ക്ക് ഹെലികോപ്റ്റർ കാണാനും ഫോട്ടോ എടുക്കാനും ആളുകൾ ശ്രമിക്കുന്നത് റസ്ക്യൂ മിഷന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ജോബി ജോയ് വിഷയത്തിന് മുന്നേ തന്നെ വ്യോമസേനാ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞതിന്റെ വീഡിയോ താഴെ ചേർക്കുന്നു.

വ്യോമസേനയുടെ രക്ഷാ ദൗത്യത്തിന് സാരമായ ബുദ്ധിമുട്ട് ഉണ്ടാക്കിയ ജോബി ജോയ് എന്ന ചെറുപ്പക്കാരനെ ഒരു നിയമ നടപടിക്കും മുതിരാതെ ,സംസ്ഥാന സർക്കാർ നടത്തുന്ന റിലീഫ് ക്യാംബിലേയ്ക്ക് വിടുകയാണ് വ്യോമസേന ചെയ്തത്.

എന്നാൽ ഇനിയും അസത്യം പ്രചരിപ്പിക്കുന്ന വീഡിയോയും കൊണ്ട് ഇറങ്ങിയാൽ ,വ്യോമസേന മാത്രമല്ല, അന്ന് ആ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരും ജോബി ജോയ്ക്കും പൊതുജനത്തിനും മുന്നിൽ സത്യം വിളിച്ചു പറയും.അങ്ങനെയായാൽ ,വ്യോമ സേനയുടെ കൃത്യനിർവഹണത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതിന് ജോബി ജോയ് മറുപടി പറയുന്നതോടൊപ്പം നിയമനടപടി നേരിടേണ്ടി വരികയും ചെയ്തേക്കാം എന്ന് കൂടി ഓർമ്മിപ്പിക്കുന്നു.

ആയതിനാൽ ഇനിയെങ്കിലും ചെയ്ത തെറ്റ് മൂടി വെയ്ക്കാൻ അസത്യം പ്രചരിപ്പിക്കുന്ന വീഡിയോയുമായി ഈ വഴി വരല്ലേ എന്ന് അപേക്ഷിക്കുക കൂടി ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios