ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് സംഭവം  

ദില്ലി: വിമാനത്തില്‍ സീറ്റിംഗ് കപ്പാസിറ്റിയേക്കാള്‍ കൂടുതല്‍ പേരുടെ ടിക്കറ്റ് ബുക്ക് ചെയ്തതിനാല്‍ രണ്ട് യാത്രക്കാരെ കയറ്റാതെ എയര്‍ ഇന്ത്യവിമാനം പറന്നു. ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് രണ്ട് യാത്രക്കാരെ പുറത്ത് നിര്‍ത്തി വിമാനം പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ദില്ലിയില്‍ നിന്ന് രാജ്കോട്ടിലേക്ക് പോയ എയര്‍ ഇന്ത്യവിമാനത്തിലാണ് സംഭവം നടന്നത്.

വിമാനത്തില്‍ ലഭ്യമായ സീറ്റിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം നല്‍കിയതാണ് അബദ്ധം സംഭവിക്കാന്‍ കാരണമായത്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരെല്ലാം വിമാനത്തില്‍ കയറിയതോടെ ബുക്ക് ചെയ്ത രണ്ട് പേര്‍ക്ക് സീറ്റ് ലഭിച്ചില്ല. യാത്രക്കാര്‍ നേരിട്ട അസൗകര്യത്തില്‍ എയര്‍ ഇന്ത്യ വക്താവ് ഖേദം പ്രകടിപ്പിച്ചു. സീറ്റ് ലഭിക്കാത്ത യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്ര സൗകര്യം ഏര്‍പ്പാടാക്കി കൊടുത്തുവെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.