നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള കുവൈത്ത് എയര്‍വേയ്സ് വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്നലെ   രാവിലെ ആറ് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് യന്ത്രത്തകരാര്‍ മൂലം വൈകുന്നത്. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറ്റമ്പതോളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയതാണ് യാത്രക്കാരെല്ലാവരും. വിമാനം പുറപ്പെടാന്‍ കഴിയാതായതോടെ അധികൃതര്‍ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. യന്ത്രത്തകരാര്‍ പരിഹരിച്ച് ഇന്ന് പുലര്‍ച്ചെ വിമാനം പുറപ്പെടുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രണ്ടരയോടെ എല്ലാവരും വീണ്ടും വിമാനത്താവളത്തില്‍ എത്തി. എന്നാല്‍, 24 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാനായില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം.  എപ്പോള്‍ പുറപ്പെടാനാകുമെന്ന കാര്യത്തിലും കുവൈറ്റ് എയര്‍വേയ്സ് അധികൃതര്‍ക്ക് വ്യക്തമായ മറുപടിയില്ല. ഇതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധം തുടങ്ങി.