തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടിക്ക് അധികാരത്തിന്റെ ഹുങ്കാണെന്ന് എഐവൈഎഫ്. അതിന്റെ ഭാഗമായുള്ള ജല്‍പനങ്ങളാണ് അദ്ദേഹത്തില്‍ നിന്നും പുറത്തു വരുന്നത്. 

തനിക്കെതിരായ പരാതിയിന്‍മേല്‍ അഭിപ്രായപ്രകടനം നടത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കന്‍മാര്‍ക്കെതിരെ തോമസ് ചാണ്ടി നടത്തുന്ന പരാമര്‍ശങ്ങള്‍ പൊതു സമൂഹം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. സുധാകര്‍ റെഡ്ഡിക്കെതിരായി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് പൊതുസമൂഹത്തിനു മുന്നില്‍ മാപ്പ് പറയുവാന്‍ തോമസ് ചാണ്ടി തയ്യാറാകണം.

മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന പരാതിയില്‍ കലക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണ് മന്ത്രിയുടെ വാക്കുകളും പ്രവര്‍ത്തിയും. 

അഴിമതി രഹിതമായ പ്രതിഛായയോടെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ശോഭ കെടുത്തുവാന്‍ തോമസ് ചാണ്ടിയെ പോലുള്ളവരെ അനുവധിക്കരുതെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്‍.സജിലാല്‍ സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ പറഞ്ഞു.