എ.ഐ.എഫ്.ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ദേവികുളം എസ്.ഐ ശ്രമിച്ചാല്‍ രണ്ടുകാലുമായി വീട്ടില്‍ പോകില്ലെന്ന് ജില്ലാ സെക്രട്ടറി വി.എസ്. അഭിലാഷ്. 

ഇടുക്കി: മണിയാശന്റെ നിര്‍ദ്ദേശപ്രകാരം സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.എഫ്.ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ദേവികുളം എസ്.ഐ ശ്രമിച്ചാല്‍ രണ്ടുകാലുമായി വീട്ടില്‍ പോകില്ലെന്ന് ജില്ലാ സെക്രട്ടറി വി.എസ്. അഭിലാഷ്. 

ദേവികുളത്തെ സി.പി.ഐ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് എ.ഐ.വൈ.എഫ് നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭിലാഷ്. സംസ്ഥാനം ഭരിക്കുന്നത് മണിയാശാനാണെന്നാണ് പോലീസുകാരുടെ വിചാരം. അദ്ദേഹം അറുപത്തിയെട്ട് ദിവസം ജയിലില്‍ കഴിഞ്ഞതാണെന്നും ഇത്തരക്കാരുടെ വര്‍ത്തമാനം കേട്ട് കേസെടുക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും സ്റ്റേഷനിലേക്ക് എത്തുമെന്നും എസ്.ഐ അന്നുണ്ടാവില്ലെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.

സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തവര്‍ക്ക് നിലപാടുകളില്ലെന്നും സംസ്ഥാനത്ത് എവിടെയും സി.പി.ഐക്ക് വേരുകളുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം എ.ഐ.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് നോട്ടീസ് വിതരണം നടത്തിയിരുന്നു. നോട്ടീസില്‍ സി.പി.എം പ്രവര്‍ത്തകരെ ചോട്ടാ നേതാക്കളെന്ന് പ്രതിപാതിച്ചതോടെ സി.പി.ഐക്കെതിരെ പോസ്റ്റര്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഭൂമി സംബന്ധമായ പ്രശ്നങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും വിവാദമാകുന്നത്.