അതേ സമയം 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിരാളിയും വെല്ലുവിളിയും ഇല്ലെന്ന ആത്മവിശ്വാസവുമായി നരേന്ദ്രമോദിയും ബി.ജെ.പിയും മുന്നോട്ട് പോവുകയാണ്

ദില്ലി: 2014 പൊതുതിരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ത്തി ‘അച്ഛേ ദിൻ’ മുദ്രവാക്യം ബിജെപി ഉപേക്ഷിച്ചു, 2019ലേക്ക് പുതിയ മുദ്രാവാക്യമാണ് ബിജെപി ഉയര്‍ത്തുന്നത്. ‘അജയ്യ ഭാരതം, അടൽ ബിജെപി’ എന്നതാണ് പുതിയ മുദ്രവാക്യം. ഇതിന്‍റെ അര്‍ത്ഥം ആർക്കും തോൽപിക്കാനാകാത്ത ഇന്ത്യ, അടിയുറച്ച ബിജെപി എന്നാണ്. ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രഖ്യാപിച്ചത്. മോദിയുടെയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും നേതൃത്വത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ഒരുങ്ങുന്നത്. 

അതേ സമയം 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിരാളിയും വെല്ലുവിളിയും ഇല്ലെന്ന ആത്മവിശ്വാസവുമായി നരേന്ദ്രമോദിയും ബി.ജെ.പിയും മുന്നോട്ട് പോവുകയാണ്. പരസ്പരം നോക്കാത്തവര്‍ തമ്മിലുള്ള പ്രതിപക്ഷ സഖ്യം ബി.ജെ.പിയുടെ ജനപിന്തുണയുടെ തെളിവെന്നും കോണ്‍ഗ്രസിന്‍റെ നേതൃത്വം പാര്‍ട്ടികള്‍ അംഗീകരിക്കുന്നില്ലെന്നും നിര്‍വാഹക സമിതിയിൽ മോദി പറഞ്ഞു. അതേ സമയം രാമക്ഷേത്രം, റഫാൽ എന്നിവയെക്കുറിച്ച് പരാമര്‍ശമില്ല.

വിശാല പ്രതിപക്ഷ സഖ്യത്തെ ബി.ജെ.പിയുടെ രാഷ്ട്രീയ പ്രമേയം എഴുതി തള്ളുന്നത് ഇങ്ങനെ. പ്രതിപക്ഷ സഖ്യത്തെ നയിക്കാൻ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് നരേന്ദ്ര മോദി വിമര്‍ശിച്ചു. പാര്‍ട്ടി നേതൃത്വത്തെ കോണ്‍ഗ്രസിലുള്ളവര്‍ പോലും അംഗീകരിക്കുന്നില്ല. കള്ളങ്ങള്‍ പ്രചരിപ്പിച്ച് അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമം. ജാതിമത വിവേചനം സര്‍ക്കാര്‍ കാട്ടിയിട്ടില്ല. 2022 ഓടെ വര്‍ഗീയതയും, ജാതി വിവേചനവും, തീവ്രവാദവും ദാരിദ്രവും അഴിമതിയും ഇല്ലാത്ത പുതിയ ഇന്ത്യയെന്നതാണ് ബി.ജെ.പിയുടെ വാഗ്ദാനം. മുന്നാക്ക സംഘടനകള്‍ എതിര്‍ക്കുമ്പോഴും പട്ടികജാതി പട്ടികവര്‍ഗ നിയമ ഭേദഗതിയിൽ മാറ്റമില്ലെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്. രാമക്ഷേത്രം ഉടൻ നിര്‍മിക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം ആവശ്യപ്പെടുമ്പോഴാണ് അതേക്കുറിച്ച് പരാമര്‍ശിക്കാതെ രാഷ്ട്രീയ പ്രമേയം.

നാലു വര്‍ഷം കൊണ്ട് പാര്‍ട്ടിക്ക് വൻ വളര്‍ച്ചയുണ്ടായെന്നും രാജ്നാഥ് സിങ്ങ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം അവകാശപ്പെടുന്നു. എല്ലാവരും അണിചേരു രാജ്യത്താകെ താമര വിരിയിക്കൂ ഇതാണ് തെരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്താൻ ചേര്‍ന്ന ബി.ജെ.പി നിര്‍വാഹക സമിതി ഉയര്‍ത്തുന്ന മുദ്രാവാക്യം. കേരളത്തിലെ പ്രളയ ദുരിതാശ്വാസം സി.പിഎം രാഷ്ട്രീയ വല്‍ക്കരിക്കുന്നുവെന്ന് പി.എസ് ശ്രീധരന്‍പിള്ള വിമര്‍ശിച്ചു . സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് അമിത് ഷാ അറിയിച്ചു. അടുത്ത 50 വർഷവും ബിജെപി ഇന്ത്യ ഭരിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.