ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ എസ്.ഐ ഹോംസ് ഉടമ അജിത് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിശ്ചയിച്ച സമയത്ത് ഫ്ലാറ്റുകള്‍ പണിതീര്‍ത്ത് നല്‍കിയില്ലെന്ന് കാണിച്ച് നിക്ഷേപകര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഈ തട്ടിപ്പിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു

വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരാണ് എസ്.ഐ ഹോസിനെതിരെ പരാതി നല്‍കിയത്. ഫ്ലാറ്റുകള്‍ക്കായി പണം വാങ്ങിയ ശേഷം സമയത്ത് പണി പൂര്‍ത്തിയാക്കി ഇവ കൈമാറിയില്ലെന്നായിരുന്നു പരാതി. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ മാത്രം 33 പേര്‍ പരാതിയുമായെത്തി. 13 കോടിയുടെ തട്ടിപ്പാണ് ഇങ്ങനെ ഉണ്ടായതെന്നാണ് പൊലീസ് അറിയിച്ചത്. കൂടുതല്‍ പേര്‍ പരാതികളുമായി എത്താനും സാധ്യതയുണ്ട്. നേരത്തെ പരാതികളുയര്‍ന്നപ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി ഫ്ലാറ്റ് പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സാവകാശം തേടിയിരുന്നു. ഈ സമയവും അവസാനിച്ചതോടെ നിക്ഷേപകര്‍ പരാതിയുമായെത്തുകയായിരുന്നു. തുടര്‍ന്ന് കമ്പനി ഉടമയായ അജിത് തോമസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചെന്നൈ ആസ്ഥാനമായാണ് എസ്.ഐ ഹോംസ് പ്രവര്‍ത്തിക്കുന്നത്.