ഗള്‍ഫ് മലയാളികളുടെ കാരുണ്യം ഇവരുടെ വീട്ടിലേക്ക് ഒഴുകുകയാണ്
അജ്മാന്: അജ്മാനില് ദുരിതമനുഭവിക്കുന്ന വൃദ്ധദമ്പതികള്ക്ക് സഹായവുമായി പ്രവാസി മലയാളികള്. മാസങ്ങളായി ഇരുട്ടിലായിരുന്ന ഇവരുടെ വീട്ടിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്ട്ടിനെ തുടര്ന്ന് വെളിച്ചവും വെള്ളവുമെത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിര്ദ്ദേശപ്രകാരം യുഎഇയിലെ കോണ്ഗ്രസ് അനുകൂല സംഘടനകളും ഡോ. ഹുസൈനും ഇരുവരെയും നാട്ടിലെത്തിക്കാനുള്ള പ്രവര്ത്തനങ്ങള് നടത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാര്ത്ത ശ്രദ്ധയില്പ്പെട്ടതോടെ ഗള്ഫ് മലയാളികളുടെ കാരുണ്യം അജ്മാനിലെ ഈ വീട്ടിലേക്ക് ഒഴുകുകയാണ്. മാസങ്ങളായി ഇരുട്ടില് കഴിയുകയായിരുന്ന ഇരുവര്ക്കും വാര്ത്ത പുറത്തുവന്ന് മണിക്കൂറുകള്ക്കകം ചെട്ടിക്കുളങ്ങരക്കാരുടെ കൂട്ടായ്മയായ കാപ്സ് വെളിച്ചമെത്തിച്ചു. യുഎഇയുടെ വിവിധ എമിറേറ്റുകളില് നിന്ന് കുടുംബസമേതമാണ് പലരും മറ്റ് ജോലികള് മാറ്റിവച്ച് ഈ ദമ്പതികള്ക്കവേണ്ട അവശ്യസാധനങ്ങളുമായി എത്തിയത്.
ശശിധരന് പണിക്കര്ക്കെതിരെ മലയാളിയായ മുന്തൊഴിലുടമ നല്കിയ പരാതി പിന്വലിച്ചാല് ഒരാഴ്ചയ്ക്കുള്ളില് ഈ വൃദ്ധ ദമ്പതികള്ക്ക് നാടണയാം. നാട്ടിലേക്ക് മടങ്ങാനാവുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള് ശശിധര പണിക്കരും ഭാര്യയും.

