ന്യൂഡല്‍ഹി: രാജ്യത്ത് മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ മുസ്ലിം സമൂഹം ബീഫ് ഉപേക്ഷിക്കണെമന്ന് അജ്മീര്‍ ദര്‍ഗാധിപന്‍. ഗോവധം നിരോധിക്കണമെന്നും അജ്മീര്‍ ദര്‍ഗ ദീവാന്‍ സെയ്‌നുല്‍ ആബിദീന്‍ അലി ഖാന്‍ ആവശ്യപ്പെട്ടു. പശു ഉള്‍പ്പെടെയുള്ള എല്ലാ കന്നുകാലികളെയും അറുക്കുന്നത് തടയണമെന്നും അജ്മീര്‍ ദര്‍ഗ മേധാവി ആവശ്യപ്പെട്ടു.
ഖ്വാജ മുഈനുദ്ദീന്‍ ജിസ്തിയുടെ 805ാമത് വാര്‍ഷിക ഉറൂസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഡെല്‍ഹി, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സൂഫി ദര്‍ഗകളിലെ മേധാവികളുടെ സാന്നിധ്യത്തിലായിരുന്നു സെയ്‌നുല്‍ ആബിദീന്റെ പ്രസംഗം. വിവാദമായ മുത്തലാഖിനെ കുറിച്ചുള്ള നിലപാടും അജ്മീര്‍ ദീവാന്‍ വ്യക്തമാക്കി.
പശു ഉള്‍പ്പെടെയുള്ള കന്നുകാലികളെ അറുക്കുന്നതും ബീഫ് വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിക്കണം. രാജ്യത്ത് മതസ്പര്‍ദ്ദ വര്‍ധിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. രാജ്യത്തെ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി മുസ്ലിം സമൂഹം ബീഫ് ഉപേക്ഷിച്ച് മാതൃകയാകണം. സെയ്‌നുല്‍ ആബിദീന്‍ പറഞ്ഞു.
താനും തന്റെ കുടുംബവും ഇനിമുതല്‍ ബീഫ് ഉപയോഗിക്കില്ലെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവ് നല്‍കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്നും സെയ്‌നുല്‍ ആബിദീന്‍ പറഞ്ഞു. വിവാദമായ മുത്തലാഖിനെ കുറിച്ചുള്ള നിലപാടും അജ്മീര്‍ ദീവാന്‍ വ്യക്തമാക്കി. ഒറ്റത്തവണ മൂന്ന് തലാഖും ചൊല്ലുന്നത് ഇസ്ലാമികമായി നിലനില്‍ക്കുന്നതല്ല. ഓരോ തലാഖിനുമിടയില്‍ ശരീഅത്ത് നിയമം അനുശാസിക്കുന്ന സമയപരിധി പാലിക്കേണ്ടതുണ്ട്.
മുത്തലാഖ് ഇന്ന് അപ്രസക്തമാണെന്ന് മാത്രമല്ല ഖുര്‍ആന്റെ അന്തസത്തയ്ക്ക് യോജിക്കുന്നതുമല്ല. സ്ത്രീയുടെ ഭാഗവും പരിഗണിച്ച ശേഷം മാത്രമേ ന്യായമായ വിവാഹമോചനം സാധ്യമാകൂ. ഖുര്‍ആന്‍ സ്ത്രീകള്‍ക്ക് ഉന്നതമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. സെയ്‌നുല്‍ ആബിദീന്‍ വ്യക്തമാക്കി.
