വീണ്ടും ബി.ജെ.പി അധികാരത്തില്‍ വരണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്.

കൊച്ചി: കേരളത്തിലെ മുഖ്യമന്ത്രിക്ക് നല്‍കുന്ന പ്രാധാന്യം പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരു മുഖ്യമന്ത്രിക്കും നല്‍കുന്നില്ലെന്ന് എ.കെ ആന്റണി. വീണ്ടും ബി.ജെ.പി അധികാരത്തില്‍ വരണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്. സിപിഎമ്മിന്റേയും ബിജെപിയുടെയും താല്‍പ്പര്യങ്ങള്‍ ഒന്നാണെന്ന് പറഞ്ഞതിനാണ് തന്നെ പിണറായി വിമര്‍ശിച്ചത്. ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. കോണ്‍ഗ്രസ്‌ ശക്തിപെടുന്നനെ സിപിഎം ഭയക്കുന്നതിനാലാണ് തങ്ങള്‍ക്കെതിരെ ഇത്തരം ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആന്റണി കൊച്ചിയില്‍ പറഞ്ഞു.

താന്‍ ബി.ജെ.പി യുടെ വോട്ട് ആവശ്യപെട്ടതായുള്ള വാര്‍ത്തകള്‍ തെറ്റാണ്. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനും ബി.ജെ.പിക്കും വോട്ട് ചെയ്തവര്‍ ഇത്തവണ കോണ്‍ഗ്രസിന് വോട്ട് ചെയ്യണം എന്നാണ് താന്‍ പറഞ്ഞത്. ഇത് തെറ്റിദ്ധരിക്കപ്പെട്ടു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനെ വര്‍ഗീയ വത്കരിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുംതോറും ഇടതുപക്ഷത്തിന് പരാജയ ഭയം കൂടുന്നു. കേന്ദ്രത്തില്‍ അമിത് ഷായും ആര്‍.എസ്.എസും പയറ്റുന്ന അതേ തന്ത്രങ്ങള്‍ തന്നെയാണ് കേരളത്തില്‍ സി.പി.എമ്മും സ്വീകരിക്കുന്നത്. അതിനാലാണ് സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രസ്താവന ഇറക്കിയത്. ഇത് തിരുത്താന്‍ കോടിയേരി തയ്യാറാകണം. ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും എ.കെ ആന്റണി പറഞ്ഞു.