കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍; സര്‍ക്കാരിന് ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് എ.കെ.ബാലന്‍

First Published 6, Apr 2018, 2:19 PM IST
AK Balan on karuna kannur medical college bill
Highlights
  • ബില്‍ രാഷ്ട്രീയമായും സാങ്കേതികമായും ശരിയാണെന്ന് എ.കെ.ബാലന്‍
  • സര്‍ക്കാരിന് ഒരു തെറ്റും പറ്റിയിട്ടില്ലെന്നും നിയമ മന്ത്രി​

തിരുവനന്തപുരം: കരുണ കണ്ണൂര്‍ മെഡി. കോളേജുകളിലെ പ്രവേശനം സാധൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ രാഷ്ട്രീയമായും സാങ്കേതികമായും ശരിയാണെന്ന് നിയമ മന്ത്രി എ.കെ.ബാലന്‍. എല്ലാ നിയമ പ്രശ്നങ്ങളും പരിഹരിച്ചാണ് ബില്‍ കൊണ്ടുവന്നതെന്നും ഒാര്‍ഡിനന്‍സ് ഒപ്പുവയ്ക്കുന്നതില്‍ ഗവര്‍ണ്ണര്‍ തടസ്സം പറഞ്ഞിരുന്നില്ലെന്നും എ.കെ.ബാലന്‍ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ബില്ലിന് അനുകൂലമായിരുന്നു. കോടതി വിധി സര്‍ക്കാരിനെതിരല്ലെന്നും സര്‍ക്കാരിന് ഒരു തെറ്റും പറ്റിയിട്ടില്ലെന്നും എ.കെ.ബാലന്‍ പ്രതികരിച്ചു. 

സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി കിട്ടിയെങ്കിലും ബില്ലുമായി  തത്ക്കാലം മുന്നോട്ട് എന്നാണ് സര്‍ക്കാര്‍ തീരുമാനം. ഓര്‍ഡിനന്‍സിനാണ് സ്റ്റേ, ബില്ലിനല്ല എന്ന വിശദീകരണമാണ് സര്‍ക്കാരിനുളളത്. സ്പീക്കര്‍ ഒപ്പിട്ട ബില്ലിന്റെ പകര്‍പ്പ് നിയമ വകുപ്പിന് കൈമാറിശേഷം ഗവര്‍ണര്‍ക്ക് അയക്കും. അതേസമയം ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ ബില്‍ തിരിച്ചയക്കാമെന്ന സുപ്രീംകോടതി  പരാമര്‍ശം നിലനില്‍ക്കുന്നു. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണറുടെ തീരുമാനമാണ് പ്രധാനം. 

ഗവര്‍ണര്‍ ഒപ്പിട്ടാലും ബില്ലിനെ പരാതിക്കാരായ മെഡിക്കല്‍ കൗണ്‍സില്‍ കോടതിയില്‍ ചോദ്യം ചെയ്യാനാണ് സാധ്യത. 4  ആഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാടും പ്രധാനം. ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായാലും സുപ്രീം കോടതിക്ക് നിയമം അസാധുവാക്കാം. 

മറുഭാഗത്ത്, ബില്ലിനെ ചൊല്ലി രാഷ്ട്രീയ പോരും മുറുകയാണ്. സര്‍ക്കാരിനെ വെട്ടിലാക്കാനുളള സുവര്‍ണാവസരം കളഞ്ഞുകുളിച്ചെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ നിലപാട്. ബിജെപിയിലും ഭിന്നത നിലനില്‍ക്കുന്നു, ബില്ലിനെ ആദ്യം പിന്തുണച്ച സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ എംപിയുടെ പരസ്യപ്രസ്താവനയോടെ മലക്കം മറിഞ്ഞു. എങ്കിലും വിദ്യാര്‍ത്ഥി താല്‍പര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുമ്മനം കത്തയച്ചതില്‍ മുരളീധര വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്.

loader