സംസ്കാരിക വകുപ്പിന് കീഴിലുള്ള ചലച്ചിത്രമേള അടക്കമുള്ള പരിപാടികള്‍ കൂടിയാലോചനകള്‍ ഇല്ലാതെ റദ്ദ് ചെയ്തതില്‍ സാംസ്കാരികമന്ത്രി എ.കെ.ബാലന്‍ അതൃപതി അറിയിച്ചതായാണ് സൂചന.
തിരുവനന്തപുരം: പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്ത ഒരു വര്‍ഷത്തേക്ക് നടത്തുന്ന എല്ലാ ആഘോഷങ്ങളും മാറ്റിയതില്‍ മന്ത്രിമാര്‍ക്കിടയില്‍ അതൃപ്തി. മന്ത്രിസഭയിലെ ആരും പ്രതീക്ഷിച്ചിരുന്നില്ല ഈ ഉത്തരവ് എന്നാണ് മന്ത്രിമാരുടെ ഭാഗത്തുനിന്ന് വരുന്ന പ്രതികരണങ്ങള്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗത്തുനിന്നാണ് ഇത്തരത്തിലുളള ഒരു ഉത്തരവ് വന്നത്.
സംസ്കാരിക വകുപ്പിന് കീഴിലുള്ള ചലച്ചിത്രമേള അടക്കമുള്ള പരിപാടികള്‍ കൂടിയാലോചനകള്‍ ഇല്ലാതെ റദ്ദ് ചെയ്തതില്‍ സാംസ്കാരികമന്ത്രി എ.കെ.ബാലന്‍ അതൃപതി അറിയിച്ചതായാണ് സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
കലോത്സവം റദ്ദാക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പൊതുവിദ്യാഭ്യാസഡയറക്ടര്‍ നിഷേധിച്ചിരുന്നു. ആഘോഷങ്ങളില്ലാതെ കലോത്സവം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസവകുപ്പ് വിശദീകരണമിറക്കിയെങ്കിലും ഉച്ചയോടെ എല്ലാ ആഘോഷങ്ങളും പരിപാടികളും റദ്ദാക്കി കൊണ്ട് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.
സംസ്ഥാനത്തുണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തിലാണ് അടുത്ത ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ എല്ലാം റദ്ദാക്കികൊണ്ടാണ് ഉത്തരവിറക്കിയത്. സംസ്ഥാന സ്കൂള്‍ യുവജനോത്സവം, സര്‍വ്വകലാശാലാ യുവജനോത്സവം, സംസ്ഥാന ചലച്ചിത്ര മേള എന്നീ പ്രധാനപരിപാടികളും ഒപ്പം വിനോദസഞ്ചാരവകുപ്പിന്‍റെ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി കൊണ്ടാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്.
ഈ പരിപാടികള്‍ക്കായി മാറ്റി വച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, തീരുമാനം പുനപരിശോധിക്കണമെന്ന് എസ്എഫ്ഐയും കെഎസ്‍യുവും ആവശ്യപ്പെട്ടു.
