കോഴിക്കോട്: താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജിയെന്നും എകെ ശശീന്ദ്രന്‍. തനിക്കെതിരായ ആരോപണത്തില്‍ ആര്‍ക്കെതിരെയും ആക്ഷേപം ഉന്നയിക്കാനില്ല. തന്റെ രാജി കുറ്റസമ്മതമല്ലെന്നും മന്ത്രി പറഞ്ഞു.
തെറ്റ് ചെയ്തിട്ടില്ലെന്ന് തന്നെയാണ് ഉറച്ച് വിശ്വസിക്കുന്നത്. ആരോപണത്തെ ഏത് ഏജന്‍സിയെകൊണ്ടും അന്വേഷിക്കാം. വ്യക്തികളെ തേജോവധം ചെയ്യുന്ന വാര്‍ത്തകള്‍ നല്‍കാതിരിക്കണം. ഇപ്പോള്‍ അത് പറഞ്ഞാല്‍ വ്യാഖ്യാനം ചെയ്യും. ഈ ഘട്ടത്തില്‍ ഒരു വ്യാഖ്യാനത്തിനും ഇല്ല.
മുഖ്യമന്ത്രി തന്നോട് രാജി വച്ചിട്ടില്ല. അദ്ദേഹം ആരോപണം പരിശോധിച്ച് ഉചിതമായ അന്വേഷണം പ്രഖ്യാപിക്കട്ടെ. വസ്തുതാപരമായ അന്വേഷണം നടത്തുമ്പോള്‍ കുറ്റക്കരാരാണെന്ന് തെളിയും. അധികാര സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് അന്വേഷണത്തെ നേരിടുന്നത് ശരിയല്ല എന്നത് കൊണ്ട് മാത്രമാണ് രാജി വയ്ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
