തിരുവനന്തപുരം: എന്‍.സി.പി എന്ന ഘടകക്ഷിയുടെ പ്രതിനിധിയാണെങ്കിലും സംസ്ഥാന മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമാണ് എ.കെ ശശീന്ദ്രന്‍. അഞ്ച് തവണ നിയമസഭയില്‍ അംഗമായ എ.കെ ശശീന്ദ്രന്‍ ഏറെ പരിചയ സമ്പന്നനായ നിയമസഭാ സാമാജികന്‍ കൂടിയാണ്.
കണ്ണൂര്‍ സ്വദേശിയായ എ.കെ ശശീന്ദ്രന്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ട്, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ എ.കെ ആന്റണിക്കൊപ്പം നിന്നു. പിന്നീട് എ.സി ഷണ്‍മുഖദാസുമായുള്ള അടുപ്പം എ.കെ ശശീന്ദ്രനെ 1982ല്‍ കോണ്‍ഗ്രസ് എസ്സില്‍ എത്തിച്ചു. 1999 വരെ കോണ്‍ഗ്രസ് എസ്സില്‍ പ്രവര്‍ത്തിച്ച എ.കെ ശശീന്ദ്രന്‍ പിന്നീട് എന്‍.സി.പിയിലെത്തി. എന്‍.സി.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1980ലാണ് എ.കെ ശശീന്ദ്രന്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. പെരിങ്ങളം മണ്ഡലത്തില്‍ നിന്ന് കെ.ജിമാരാരെ തോല്‍പ്പിച്ചായിരുന്നു അത്.
1982ല്‍ എടക്കാട് നിന്നും എ.കെ ശശീന്ദ്രന്‍ ജയിച്ചു. പിന്നീട് രണ്ട് തവണ കണ്ണൂരില്‍ നിന്ന് മത്സരിച്ച് തോറ്റു. 2006ല്‍ ബാലുശേരിയില്‍ നിന്നും 2011ല്‍ എലത്തൂരില്‍ നിന്നും നിയമസഭയിലെത്തി. 2016ല്‍ വീണ്ടും എലത്തൂരില്‍ മത്സരിച്ച് ജയിച്ച എ.കെ ശശീന്ദ്രന്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗമായി. 2016 മെയ് 25നാണ് എ.കെ ശശീന്ദ്രന്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നിലവില്‍ രണ്ട് എം.എല്‍.എ മാരാണ് എന്‍.സി.പിക്ക് ഉള്ളത്. അതുകൊണ്ട് തന്നെ എന്‍.സി.പിയിലെ ഒരുവിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് എ.കെ.ശശീന്ദ്രന്‍ മന്ത്രി പദത്തിലെത്തിയത്. വിവാദങ്ങളുടെ പേരില്‍ എ.കെ ശശീന്ദ്രന്‍ മന്ത്രിപദം രാജിവെച്ചൊഴിയുമ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാറിനെ അത് കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.
