ന്യൂഡല്‍ഹി: ആകാശവാണി ഡൽഹിയിൽനിന്നുള്ള മലയാളം വാർത്താ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു. മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളിലുള്ള വാർത്താ സംപ്രേക്ഷണം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പ്രസാർഭാരതി വാർത്താ വിഭാഗം ഡയറക്ടർജനറലിനുവേണ്ടി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി കെ ആചാര്യ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതുവരെ ഡൽഹി നിലയത്തിൽനിന്നും സംപ്രേക്ഷണം ചെയ്തിരുന്ന പ്രാദേശിക വാർത്തകൾ അതത് പ്രാദേശിക നിലയങ്ങളിൽനിന്നും സംപ്രേക്ഷണം ചെയ്യണമെന്നാണ് നിർദ്ദേശം.

മലയാളത്തിനു പുറമെ അസമീസ്, ഒഡിയ, തമിഴ് ഭാഷകളിലുള്ള വാർത്താ സംപ്രേക്ഷണമാണ് ഇതോടെ അവസാനിപ്പിക്കുന്നത്. മലയാളം തിരുവനന്തപുരത്തെ നിലയത്തിൽനിന്നും അസമീസ് വാർത്തകൾ ഗുവാഹട്ടിയിൽനിന്നും ഒഡിയ കട്ടക്ക് നിലയത്തിൽനിന്നും തമിഴ് ചെന്നൈയിൽനിന്നും സംപ്രേക്ഷണം ചെയ്യും. പിന്നാലെ എല്ലാ ഭാഷകളും അതതു സംസ്ഥാനങ്ങളിലെ നിലയങ്ങളിലേക്കു മാറ്റാനാണ് പ്രസാർഭാരതിയുടെ തീരുമാനം.