കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടിക്കെതിരെ ആകാശിന്‍റെ മൊഴി. പാര്‍ട്ടി സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതായി ആകാശ് തില്ലങ്കേരി മൊഴി നല്‍കി. ഡമ്മി പ്രതികളെ നല്‍കാമെന്നായിരുന്നു ഉറപ്പ്. വെട്ടാനുളള നിര്‍ദേശം ഡിവൈഎഫ്ഐ പ്രാദേശിക നേതാവില്‍ നിന്നാണ് ലഭിച്ചതെന്നും ആകാശ് പറഞ്ഞു. അടിച്ചാൽ പോരെയെന്നു ചോദിച്ചപ്പോൾ വെട്ടണമെന്നാണ് അവർ ശഠിച്ചതെന്നും ആകാശ് കൂട്ടിച്ചേർത്തു.

ഭരണം ഉളളതുകൊണ്ട് പേടിക്കണ്ട എന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു. വെട്ടാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ എവിടെയെന്നറിയില്ല. ആയുധങ്ങള്‍‌ ഡിവൈഎഫ്ഐ നേതാക്കള്‍ കൊണ്ടുപോയി എന്നും ആകാശ് മൊഴി നല്‍കി. ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ്, റജിന്‍ രാജ് എന്നിവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് വിവരങ്ങള്‍ ലഭിച്ചത്.

അതേസമയം, ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗം തന്നെയെന്ന് പി. ജയരാജന്‍ പറഞ്ഞു. ഷുഹൈബിന്‍റെ കൊലപാതകം പാര്‍ട്ടി അന്വേഷിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ആണ് തനിക്ക് വിശ്വാസം. അറസ്റ്റ് ചെയ്ത പ്രതികള്‍ യഥാര്‍ത്ഥ പ്രതികള്‍ ആണോ എന്ന് പാര്‍ട്ടി പരിശോധിക്കും എന്നും പി. ജയരാജന്‍ പറഞ്ഞു. 

അന്വേഷണം നിഷ്പക്ഷമാണ്. പ്രതികൾ ആരാണെന്നു പുറത്ത് ഉള്ളവർ നിശ്ചയിക്കണ്ട എന്നും പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.