മൂന്നു ലക്ഷം രൂപയായിരുന്നു ഇഷ അംബാനിയുടെ ക്ഷണക്കത്തിന്റെ വില. ഒരുപെട്ടയില്‍ വിവിധ കാര്‍ഡുകളും  ലക്ഷ്മി ദേവിയുടെ ചിത്രവും മാലയും സുഗന്ധദ്രവ്യവും ഉള്‍പ്പെടെയായിരുന്നു കല്ല്യാണക്കുറി. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായാണ് ആകാശിന്റെ  കത്ത് രൂപകല്‍പന ചെയ്തിരിക്കുന്നത്. 

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരമലും തമ്മിലുള്ള ആഢംബര വിവാഹത്തിന് ശേഷം അംബാനി കുടുബത്തിൽ വീണ്ടുമൊരു ആഘോഷരാവിന് അരങ്ങുണരുകയാണ്. മാര്‍ച്ച് ഒമ്പതിനാണ് മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയും പ്രമുഖ വജ്ര വ്യാപാരി റസ്സല്‍ മെഹ്തയുടെ മകള്‍ ശ്ലോക മെഹ്തയും തമ്മിലുള്ള വിവാഹം. 

ഇഷ അംബാനിയുടേത് പോലെ തന്നെ ആകാശിന്റെ വിവാഹ ക്ഷണക്കത്തും സമൂഹമാധ്യമങ്ങളിൽ താരമാകുകയാണ്. മൂന്നു ലക്ഷം രൂപയായിരുന്നു ഇഷ അംബാനിയുടെ ക്ഷണക്കത്തിന്റെ വില. ഒരുപെട്ടയില്‍ വിവിധ കാര്‍ഡുകളും ലക്ഷ്മി ദേവിയുടെ ചിത്രവും മാലയും സുഗന്ധദ്രവ്യവും ഉള്‍പ്പെടെയായിരുന്നു കല്ല്യാണക്കുറി. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായാണ് ആകാശിന്റെ കത്ത് രൂപകല്‍പന ചെയ്തിരിക്കുന്നത്. 

കൃഷ്ണന്റെയും രാധയുടെയും ചിത്രം ഉൾപ്പെടുത്തികൊണ്ടുള്ള പിങ്ക് നിറത്തിലുളള പെട്ടിക്കകത്താണ് ക്ഷണക്കത്ത്. പെട്ടി തുറക്കുമ്പോള്‍ തന്നെ ഗണപതിയുടെ ചിത്രവും സംഗീതവും കേൾക്കാം. കത്തുകളിൽ കൃഷ്ണന്റെയും രാധയുടേയും പ്രണയരംഗങ്ങളെ ഓർമ്മപ്പെടുത്തുന്ന ചിത്രങ്ങളുമുണ്ട്.

ഗുരുവായൂരമ്പലത്തില്‍ ഇഷ അംബാനിയുടെ വിവാഹക്ഷണക്കത്ത് നല്‍കിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മകന്റെ വിവാഹക്ഷണക്കത്തുമായി മുകേഷ് അംബാനിയും നിത അംബാനിയും സിദ്ധിവിനായകക്ഷേത്രത്തിലെത്തിയതായാണ് വിവാഹസംബന്ധിയായ ഏറ്റവും പുതിയ വാര്‍ത്ത. ശ്ലോകയും ആകാശും ദീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാളാണ് ശ്ലോക. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് ആകാശ് അംബാനി.

കഴിഞ്ഞ ദിവസം ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെ ചെന്നൈയിലെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി മുകേഷ് അംബാനിയും നിത അംബാനിയും മകന്‍റെ വിവാഹക്ഷണകത്ത് നല്‍കിയിരുന്നു.