ഭോപ്പാല്‍: വ്യാജ സന്ന്യാസിമാരുടെ പട്ടിക തയ്യാറാക്കി പുറത്തു വിട്ടയാളെ കാണാതായി. സന്ന്യാസി സമൂഹത്തിന്‍റെ ഉന്നതാധികാര സമിതിയായ അഖില ഭാരതീയ അഖാഡ പരിഷതിന്‍റെ വക്താവും ഉദാസി അഖാഡയുടെ മേധാവിയുമായ മഹന്ത് മോഹന്‍ദാസിനെയാണ് കാണാതായത്. ഹരിദ്വാറില്‍ നിന്ന് മുംബൈയിലെ കല്ല്യാണിലേയ്ക്കുള്ള തീവണ്ടി യാത്രയ്ക്കിടെയാണ് കാണാതായത്.
ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന് 20 വര്‍ഷം തടവുശിക്ഷ ലഭിച്ച പശ്ചാത്തലത്തില്‍, സന്ന്യാസസമൂഹത്തിലെ 14 വ്യാജന്മാരുടെ പട്ടിക മോഹന്‍ദാസ് പ്രസിദ്ധീകരിച്ചിരുന്നു. ഹരിദ്വാര്‍-ലോകമാന്യതിലക് എക്‌സ്പ്രസില്‍ നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍ ഇറങ്ങിയ മോഹന്‍ദാസിനെ പിന്നീടാരും കണ്ടിട്ടില്ലെന്ന് ഗവ. റയില്‍വേ പോലീസ് എസ്.പി അനിതാ മാളവ്യ പറഞ്ഞു.
ഭോപാല്‍ റയില്‍വേ സ്‌റ്റേഷനില്‍ ഇദ്ദേഹത്തിന് ഭക്ഷണവുമായി കാത്തുനിന്ന സഹായി ശനിയാഴ്ച വൈകിട്ട് 7.30നു വന്ന വണ്ടിയില്‍ ഇദ്ദേഹത്തെ കാണാതിരുന്നപ്പോള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. റയില്‍ വേ പോലീസ് വിവരം അറിഞ്ഞപ്പോഴേയ്ക്കും വണ്ടി ഭുസാവല്‍ സ്‌റ്റേഷനിലെത്തിയിരുന്നു. നിസാമുദ്ദീന്‍ സ്‌റ്റേഷന്‍ പിന്നിട്ട ശേഷം സ്വാമിയെ കണ്ടിട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ സാധനങ്ങള്‍ സീറ്റില്‍ കണ്ടെത്തി.
മോഹന്‍ദാസിന്‍റെ മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ മീററ്റാണ്. ഇദ്ദേഹം ഇന്‍ഡോറിലുണ്ടെന്ന സൂചന ലഭിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
