തിരുവനന്തപുരം: ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ യുവതിയുടെ പക്ഷത്തെന്ന് അധ്യക്ഷ ജോസഫൈന്‍. വിശ്വാസവും ജീവിതവും നിശ്ചയിയിക്കേണ്ടത് അഖില ഹാദിയാണ്. ഇക്കാര്യത്തില്‍ യുവതിക്കുമേല്‍ എന്തു സമ്മര്‍ദ്ദമുണ്ടായാലും പുറത്തുവരുമെന്നും ജോസഫൈന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പൂജാ അവധി കഴിഞ്ഞയുടന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. അഭിഭാഷകരുമായി വേണ്ടത്ര ചര്‍ച്ച നടത്തിക്കഴിഞ്ഞു. യുവതിയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഹൈക്കോടതി വിധി റദ്ദാക്കാനോ കേസില്‍ കക്ഷി ചേരാനോ അല്ല. ഹൈക്കോടതി വിധിക്കു ശേഷമുള്ള യുവതിയുടെ അവസ്ഥ പരിശോധിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ എന്‍.ഐ.എ ഇഴഞ്ഞുനീങ്ങാന്‍ പാടില്ലെന്നും അന്തിമവിധി വൈകാന്‍ ഇടവരരുതെന്നും ജോസഫൈന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
