ഉത്തർപ്രദേശ് സർക്കാരിന് അറിയാവുന്നത് അക്രമത്തിന്റെ ഭാഷയാണെന്നും അതിനാലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നുമായിരുന്നു അഖിലേഷിന്റെ വിമർശനം. വേദിയിലും പൊതുയോഗത്തിലും സംസാരിക്കുമ്പോൾ യോഗി ആദിത്യനാഥ് ഉപയോഗിക്കുന്നത് അക്രമത്തിന്റെ ഭാഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ്: ഗാസിപൂരിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിന്റെ കല്ലേറിൽ പൊലിസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശ് സർക്കാരിന് അറിയാവുന്നത് അക്രമത്തിന്റെ ഭാഷയാണെന്നും അതിനാലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നുമായിരുന്നു അഖിലേഷിന്റെ വിമർശനം. വേദിയിലും പൊതുയോഗത്തിലും സംസാരിക്കുമ്പോൾ യോഗി ആദിത്യനാഥ് ഉപയോഗിക്കുന്നത് അക്രമത്തിന്റെ ഭാഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അക്രമത്തിന്റെ കാരണം യോഗി ആദിത്യനാഥാണെന്നും അദ്ദേഹം രൂക്ഷഭാഷയിൽ വിമർശിച്ചു.
കൊല്ലപ്പെട്ട പൊലിസ് ഉദ്യോഗസ്ഥൻ സുരേഷ് വത്സിന്റെ മകനും വിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്വന്തം സഹപ്രവർത്തകരുടെ ജീവൻ സംരക്ഷിക്കാൻ കഴിയാത്ത പൊലിസ് ഉദ്യോഗസ്ഥർ എങ്ങനെ ജനങ്ങളെ സംരക്ഷിക്കുമെന്നായിരുന്നു സുരേഷിന്റെ മകന്റെ ചോദ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരം 11 പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.
ഈ മാസം ഉത്തർപ്രദേശിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലിസ് ഉദ്യോഗസ്ഥനാണ് സുരേഷ് വത്സ്. ബുലന്ദ്ഷഹറിൽ നടന്ന കലാപത്തിൽ സമാനമായ സാഹചര്യത്തിൽ സുബോധ് കുമാർ എന്ന പൊലിസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. സുരേഷിന്റെ ഭാര്യയ്ക്ക് 40 ലക്ഷവും മാതാപിതാക്കൾക്ക് 10 ലക്ഷം രൂപയും മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
