ലഖ്‌നൗ: നോട്ട് മാറാന്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബത്തിന് യു.പി സര്‍ക്കാരിന്‍റെ ധനസഹായം. നോട്ട് മാറിയെടുക്കാന്‍ വരി നില്‍ക്കവെ സംസ്ഥാനത്ത് മരിച്ച 14 പേര്‍ക്ക് യു.പി സര്‍ക്കാര്‍ ധനസഹായം നല്‍കി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നോട്ട് നിരോധനത്തിന്റെ ഇരകള്‍ക്ക് ധനസഹായം നല്‍കുന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നോട്ട് നിരോധനം ഒരു പ്രചരണവിഷയമായിരിക്കുമെന്ന് ധനസഹായം വിതരണം ചെയ്തു കൊണ്ട് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. വികസന വിഷയങ്ങള്‍ ചര്‍ച്ചയാകുന്നത് പോലെ നോട്ട് നിരോധനവും ചര്‍ച്ചയാകും. കറന്‍സി രഹിത സമ്പദ്ഘടന എന്നത് അച്ചേ ദിന്‍ പ്രചരണത്തേക്കാള്‍ വലിയ സ്വപ്നമാണെന്നും അഖിലേഷ് പറഞ്ഞു.