ജറുസലേം: സൗദി സഖ്യ രാജ്യങ്ങള്‍ക്കു പിന്നാലെ ദോഹ ആസ്ഥാനമായ അല്‍ ജസീറ ചാനല്‍ നിരോധിക്കാന്‍ ഇസ്രയേല്‍. അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇസ്രയേലില്‍ വിലക്കേര്‍പ്പെടുത്തും. ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രി അയൂബ് കാരയുടേതാണ് പ്രഖ്യാപനം. നിരോധന നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ഇസ്രയേല്‍ മന്ത്രി പറഞ്ഞു. അല്‍ ജസീറ ചാനല്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്നാണ് ഇസ്രയേലിന്‍റെ ആരോപണം.

അല്‍ ജസീറയെ പ്രതിരോധത്തിലാക്കി ഖത്തറിനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനാണ് പുതിയ നീക്കം. അല്‍ ജസീറ അടച്ചു പൂട്ടണമെന്ന ആവശ്യം സൗദി ഉപാധിയായി മുന്നോട്ടുവച്ചിരുന്നു. ഖത്തര്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ചാനല്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ചാണ് സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ നിരോധനമേര്‍പ്പെടുത്തിയത്. എന്നാല്‍ മാധ്യമ സ്വാതന്ത്ര്യം തകര്‍ക്കുന്ന സൗദിയുടെ നടപടി അന്താരഷ്ട്രതലത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.