തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഉള്‍പ്പെട്ട പണമിടപാട് കേസില്‍ പുതിയ വഴിത്തിരിവ്. കേസിലെ പരാതിക്കാരനായ യുഎഇ പൗരന്‍ ഹസന്‍ ഇസ്മയീല്‍ അബ്ദുള്ള അല്‍-മര്‍സൂഖി കേരളത്തിലെത്തി മാധ്യമങ്ങളെ കാണും. 

അടുത്ത തിങ്കളാഴ്ച്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചാണ് മാധ്യമങ്ങളെ കാണുന്നത്. ബിനോയിക്കെതിരെ യുഎഇയില്‍ കേസൊന്നും ഇല്ലെന്നും അദ്ദേഹത്തിന് യാത്രവിലക്കില്ലെന്നും രേഖകള്‍ സഹിതം സിപിഎം നേതൃത്വം വാദിക്കുന്നതിനിടെയാണ് പരാതിക്കാരനായ യുഎഇ പൗരന്‍ നേരിട്ട് കേരളത്തിലേക്കെത്തുന്നത്. ഇന്ത്യയിലെ അഭിഭാഷകന്‍ മുഖേനയാണ് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ഇയാള്‍ വാര്‍ത്തസമ്മേളനത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നത്. 

ബിനോയ് കോടിയേരിയും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തും കൂടി 13 കോടി വെട്ടിച്ചുവെന്നാണ് മര്‍സൂഖിയുടേയും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ കൊട്ടാരക്കര സ്വദേശി രാകുലിന്റേയും പരാതി. സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഈ സംഭവത്തില്‍ തനിക്കെതിരെ കേസൊന്നും ഇല്ലെന്ന ബിനോയിയുടെ വാദം മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി പ്രതിരോധം തീര്‍ത്തത്. ഇതിനിടെയാണ് കേസിലെ പരാതിക്കാരന്‍ തന്നെ നേരിട്ട് കേരളത്തിലെത്തുന്നത്.