Asianet News MalayalamAsianet News Malayalam

ആലപ്പുഴ നഗരസഭ മാലിന്യ നീക്കം ഉപേക്ഷിച്ചതിന് പിന്നില്‍ വന്‍ അഴിമതി

  • ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതിനായി നല്‍കിയ ലിസ്റ്റ് അട്ടിമറിച്ചു
Alappuzha corporation waste dumping project

ആലപ്പുഴ: ആലപ്പുഴ നഗരസഭ മാലിന്യ നീക്കം ഉപേക്ഷിച്ചതിന് പിന്നില്‍ വന്‍ അഴിമതി. മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് ആവശ്യത്തിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ തൊഴിലാളികള്‍ ഇല്ലെന്ന് നഗരസഭ വാദിക്കുമ്പോഴും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതിനായി നല്‍കിയ ലിസ്റ്റ് അട്ടിമറിച്ചതിനെപ്പറ്റി നഗരസഭയ്ക്ക് പ്രതികരണമില്ല. നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ശുചീകരണ തൊഴിലാളികളുടെ ലിസ്റ്റില്‍ വന്‍ അഴിമതിയാണ് കാട്ടിയിരിക്കുന്നതെന്ന് കാണിച്ച് പ്രതിപക്ഷം നിരവധി തവണ പ്രതിഷേധം നടത്തിയിരുന്നു.

കഴിഞ്ഞ നഗരസഭ ഭരണകാലത്ത് ഉണ്ടായിരുന്ന ഇരുപതോളം ശുചീകരണ തൊഴിലാളികള്‍ വിരമിച്ചു. പുതുതായി തൊഴിലാളികളെ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ നടത്തിയവരുടെ ലിസ്റ്റ് എംപ്ലോയ്‌മെന്റില്‍ നിന്നും നല്‍കിയിരുന്നു. എന്നാല്‍ നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇഷ്ടക്കാരെ ലിസ്റ്റില്‍ തള്ളിക്കയറ്റുവാന്‍ ശ്രമം നടത്തി. റാങ്കില്‍ പുറകില്‍ കിടന്നവരെ ആദ്യ സ്ഥാനങ്ങളിലേയ്ക്ക് തിരുത്തി ചേര്‍ത്തു. ഒന്‍പതാം റാങ്കില്‍ കിടന്നവരെ ഒന്നും ഒന്നാം റാങ്കില്‍ കിടന്നവര്‍ക്ക് ആബ്‌സന്റും ആക്കി തിരുത്തി. 

ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്ന് അധികാരത്തില്‍ ഇരുന്ന സെക്രട്ടറി ശുചീകരണ തൊഴിലാളികളുടെ ലിസ്റ്റ് അംഗീകരിച്ചിരുന്നില്ല. അങ്ങനെ ആ ലിസ്റ്റ് റദ്ദാക്കുകയുണ്ടായി. നഗരസഭ ഭരണാധികാരികള്‍ സ്വജനപക്ഷപാതവും പണപ്പിരിവും നടത്തിയാണ് ഇഷ്ടക്കാരെ ലിസ്റ്റില്‍ തള്ളിക്കയറ്റാന്‍ ശ്രമിച്ചതെന്ന് പരാതിയുണ്ടായതിനെ തുടര്‍ന്ന് ശുചീകരണ തൊഴിലാളികളുടെ നിയമനം നടക്കാതെ പോയി. ആവശ്യത്തിന് ശുചീകരണ തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ നഗരത്തിന്റെ പലഭാഗങ്ങളും മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ്. 

മെയ് മാസം പകുതിയായിട്ടും മഴക്കാല പൂര്‍വ്വ ശുചീകരണങ്ങള്‍ പകര്‍ച്ചവ്യാധികളുടെ കേന്ദ്രമായ ആലപ്പുഴ നഗരത്തില്‍ തുടങ്ങിയിട്ടുപോലുമില്ല. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിലും അഞ്ച് നഗരസഭകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഒരോ വാര്‍ഡിനും 25,000 രൂപ വീതമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍, ശുചിത്വമിഷന്‍, പഞ്ചായത്ത്, നഗരസഭകള്‍ എന്നിവ ചേര്‍ന്നാണ് ചെലവഴിക്കേണ്ടത്.  ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പ്രധാനപ്പെട്ട പൊതുസ്ഥലത്ത് ശുചീകരണം നടത്തി ക്ലീന്‍ പബ്ലിക് ക്ലീന്‍, ക്ലീന്‍ വാട്ടര്‍ കാമ്പയിന്‍ എന്നീ ക്യാമ്പയിനുകള്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തുമായിരുന്നു.

Follow Us:
Download App:
  • android
  • ios