പുതിയ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ കളക്ടര്‍ ടിവി അനുപമ വിസില്‍ മുഴക്കി പദ്ധതി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ:അക്രമത്തെ പേടിച്ച് ഇനിയൊരു സ്ത്രീയും മുളകുപൊടിയും കുരുമുളക് സ്‌പ്രേയും കരുതേണ്ടതില്ല. ഒരു വിസില്‍ മുഴക്കത്തിലൂടെ ഏത് അക്രമിയേയും പ്രതിരോധിക്കും ഇനി ഇവര്‍. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമത്തിനെതിരെ ആലപ്പുഴ ജില്ലയിലെ വനിതകള്‍ നാളെ 'കാഹളധ്വനി' മുഴക്കും.

രാജ്യാന്തര വനിതദിനാഘോഷത്തിന്റെ ഭാഗമായാണ് ജില്ലയില്‍ 'കാഹളധ്വനി' പരിപാടി നടത്തുന്നത്. നാളെ രാവിലെ ജില്ലയിലെ എല്ലാ പ്രധാന കവലകളിലും അണിനിരക്കുന്ന വനിതകള്‍ വിസില്‍ മുഴക്കി ദിനാഘോഷത്തിന് തുടക്കം കുറിക്കും. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹികനീതി വകുപ്പ്, ആരോഗ്യവകുപ്പ്, ദേശീയാരോഗ്യദൗത്യം, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് വനിതാദിനാഘോഷം. 

സേഫ്ടിപിന്നുകളും പെപ്പര്‍ സ്‌പ്രേയും ഒഴിവാക്കി യാത്രകളില്‍ വിസില്‍ ആയിരിക്കും ഇനി പെണ്ണിന്റെ കരുത്ത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ല കളക്ടര്‍ ടി.വി.അനുപമ വിസില്‍മുഴക്കി ഉദ്ഘാടനം ചെയ്യും. ഇതേസമയം തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിസില്‍മുഴക്കമുയരും. ഇതുകേട്ടെത്തുന്നവര്‍ക്ക് വനിത സംരക്ഷനിയമവുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ വിതരണം ചെയ്യും.