ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പേരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ് ഐ ലൈജു ഇന്ന് അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതിയായ നര്‍ക്കോട്ടിക് വിഭാഗം സീനിയര്‍ സി പി ഒ നെല്‍സണ്‍ തോമസിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. 

കേസിലെ ഒന്നാംപ്രതിയായ പുന്നപ്ര സ്വദേശിനി ആതിരയേയും നെല്‍സനേയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മൊബൈല്‍ ഫോണുകള്‍, വാട്‌സ്ആപ് മെസേജുകള്‍, തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നുവരുന്നുണ്ട്. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് തടയുകയും വിവരം പുറത്തുകൊണ്ടുവരുന്നതിന് ഇടയാക്കുകയും ചെയ്തത് നഗരസഭ കൗണ്‍സിലർ ജോസ് ചെല്ലപ്പനും നാട്ടു കാരും ചേര്‍ന്നാണ്. 

പെണ്‍കുട്ടി കൗണ്‍സിലറോടും അയല്‍വാസികളായ സ്ത്രീകളോടും പൊലീസ് ഉദ്യോഗസ്ഥരുടേയും മറ്റൊരു സ്ത്രീയുടേയും സംഭവത്തിലുള്ള പങ്കിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ജില്ലയിലെ തന്നെ പ്രമുഖരായ പൊലീസ് ഉദ്യോഗസ്ഥരുടേയും പേരുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഓഡിയോ വീഡിയോ രേഖകള്‍ നാട്ടുകാര്‍ മൊബൈലില്‍ സൂക്ഷിച്ചിട്ടുണ്ട്. മംഗലം സ്വദേശിയായ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ ഒന്നാം പ്രതി ആതിരയെ നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറും ചേര്‍ന്ന് ബലപ്രയോഗത്തിലാണ് തടഞ്ഞത്. 

ബലപ്രയോഗത്തിൽ കൗൺസിലറെ ആതിര കടിച്ചു മുറിവേൽപ്പിച്ചു' -ആരുവന്നാലും തനിക്ക് ഭയമില്ലെന്നും പൊലീസ് വരട്ടെയെന്നും പൊലീസില്‍ തനിക്കുള്ള ബന്ധങ്ങളെപ്പറ്റി നിങ്ങള്‍ക്കെന്തറിയാമെന്നും ആതിര ആക്രോശിച്ചിരുന്നു. സാധാരണ വീട്ടമ്മയായ ആതിരയ്ക്ക് ആരുടേയും സഹായവും പിന്‍ബലവുമില്ലാതെ അന്യസ്ഥലത്തുവന്ന് പെണ്‍കുട്ടിയെ സ്ഥിരമായി കൂട്ടിക്കൊണ്ടുപോകാനും ഇത് തടഞ്ഞ നാട്ടുകാരോട് തട്ടിക്കയറുവാന്‍ സാധിക്കുകയില്ലെന്നും ഇതിന് പിന്നില്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. 

ഇപ്പോള്‍ കേസിലെ പ്രതികളായവരെ കൂടാതെ ഇനിയും ചിലരുടെ പേരുകള്‍ പെണ്‍കുട്ടി സമീപവാസികളോട് പറഞ്ഞിരുന്നു. മദ്യവും മറ്റും നല്‍കിയും നിര്‍ബന്ധിച്ചും ദേഹോപദ്രവും ഏല്‍പ്പിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പെണ്‍കുട്ടി സമീപവാസികളായ സ്ത്രീകളോട് പറഞ്ഞിരുന്നു. ആദ്യതവണ ആതിര പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയതിന് ശേഷം പിന്നീട് ആതിര കൂടെ ചെല്ലാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചപ്പോള്‍ കുട്ടി താല്‍പ്പര്യം കാണിച്ചില്ല. 

ഇതിനെ തുടര്‍ന്ന് അച്ഛന്‍ ശകാരിക്കുകയും പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞുവിടുകയുമായിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ അച്ഛന് രണ്ടാംപ്രതി നെല്‍സണ്‍ പലതവണയായി സാമ്പത്തിക സഹായം നല്‍കിയതായി തെളിവുകള്‍ ഉണ്ട്. പെണ്‍കുട്ടിയുടെ വികലാംഗനായ അച്ഛന് നാല് വീലുള്ള തട്ടുകട വാങ്ങാന്‍ പണം നല്‍കിയിരുന്നു. തട്ടുകടയ്ക്ക് പെണ്‍കുട്ടിയുടെ അച്ഛന്‍ അഡ്വാന്‍സായി പണം നല്‍കിയതായി നാട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്ത് വരികയാണ്. പീഡനം നടന്നതായി പറയപ്പെടുന്ന സ്ഥലങ്ങളില്‍ പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചു. 

വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടിക്ക് ശാരീരിക പീഡനം നടന്നതായി തെളിവുണ്ട്. പെണ്‍കുട്ടിയുടെ രോഗബാധിതയായ അനുജത്തിയേയും പീഡനത്തിന് വിധേയമാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പൊലിസിലെ തന്നെ പലരും ആരോപണ വിധേയരായ സാഹചര്യത്തില്‍ അന്വേഷണം ഐ ജി ഏറ്റെടുക്കണമെന്നും ശരിയായ ദിശയിൽ അ ന്വേഷണം പുരോഗമിച്ചില്ലങ്കിൽ

രാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധം. നടത്തുമെന്നും കൗൺസിലർ പറഞ്ഞു . ഡി വൈ എസ് പി. പി വി ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോൾകേസ് അന്വേഷിക്കുന്നത്.