ആലപ്പുഴ: ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ ഒരുങ്ങി അന്വേഷണ സംഘം. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തെത്തുടര്‍ന്നാണിത്. കേസില്‍ ഇതുവരെ രണ്ട് പോലീസുദ്യോഗസ്ഥരടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. 

ആലപ്പുഴയില്‍ പതിനാറുകാരി പീഡനത്തിനിരയായ സംഭവത്തില്‍ റിമാന്‍ഡിലായ എസ്ഐയെയും സിവില്‍ പോലീസ് ഓഫീസര്‍ നെല്‍സണ്‍ തോമസിനെയും ഇടനിലക്കാരിയെയും കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. കേസില്‍ അദ്യം അറസ്റ്റിലായ പ്രതിയും കുട്ടിയുടെ ബന്ധുവുമായ ആതിരയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. 

എന്നാല്‍ സിവില്‍ പോലീസ് ഓഫീസറായ നെല്‍സണ്‍ തോമസിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്ന വിലയിരുത്തലിലാണ് പോലീസ് സംഘം. ആലപ്പുഴ ഡിവൈഎസ്പി ബേബി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. അതിനിടെ സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ പോലീസുകാര്‍ക്ക് ബന്ധമുണ്ടെന്ന സംശയവും ഉയരുന്നുണ്ട്. 

ആലപ്പുഴ നഗരത്തിലെ ഒരു പാരലല്‍ കോളേജില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന കുട്ടിയെ ബന്ധുവായ ആതിര വിവിധ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും കൂടെ കൊണ്ടുപോകുമായിരുന്നു. വീട്ടില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെ സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ് വെക്കുകയായിരുന്നു. 

ഇതോടെയാണ് സംഭവം പുറത്താവുന്നതും കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലാവുന്നതും. കേസില്‍ റിമാന്‍ഡിലായി മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കെജി ലൈജുവിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. നെല്‍സണ്‍ തോമസിനെ നേരത്തെ തന്നെ സസ്പെന്‍റ് ചെയ്തിരുന്നു.