ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വനിതകള്‍ക്കു ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വനിതാ പൊലീസുകാരുടെ സംരക്ഷണം ഒരു ചോദ്യചിഹ്നമാകുന്നു. ഇടിഞ്ഞു വീണ വരാന്ത, മഴക്കാലത്ത് ‌ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര, വിള്ളല്‍ വീണ ചുവരുകള്‍, നിലം പൊത്താറായി നില്‍ക്കുന്ന ശുചിമുറി. സംസ്ഥാനത്ത് ജില്ലാധികാര പരിധിയുള്ള ആദ്യ വനിതാ പൊലീസ് സ്‌റ്റേഷന്റെ ശോചനീയ അവസ്ഥയാണിത്. 

ശവക്കോട്ട പാലത്തിനു സമീപം പഴയ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിലാണ് വനിതാ സ്‌റ്റേഷന്‍ തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്നത്. ഏകദേശം നാല്‍പ്പതു വര്‍ഷത്തെ കാലപ്പഴക്കമുള്ള കെട്ടിടത്തിന് യാതോരുവിധ മെയിന്റനന്‍സ് ജോലികളും നടത്തിയിട്ടില്ലെന്നു എസ്.ഐ ജെ.ശ്രീദേവി പറഞ്ഞു. എട്ട് മാസത്തിനു മുമ്പ് പിഡബ്ലൂഡിയില്‍ പരാതി കൊടുത്തിരുന്നെങ്കിലും യാതൊരു നടപടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ല. 

ഏതു നിമിഷവും നിലം പൊത്തറായി നില്‍ക്കുന്ന ഈ കെട്ടിടത്തില്‍ നിലവില്‍ വനിതാ എസ്.ഐ ഉള്‍പ്പടെ 17 വനിതാ പോലീസുകാരും രണ്ടു ഡ്രൈവര്‍മാരുമാണ് ജോലി ചെയ്തുവരുന്നത്. വിശ്രമിക്കാന്‍ ഒരു മുറിയോ ലഭിച്ച പരാതികള്‍ സംരക്ഷിച്ചു വെയ്ക്കാന്‍ ഒരു കമ്പ്യൂട്ടറോ എന്തിനേറെ പറയുന്നു ഈ വനിതകള്‍ക്ക് ഉപയോഗിക്കാന്‍ ഒരു ശുചി മുറിയോ ഇവിടില്ല. പൊലീസ് സ്‌റ്റേഷനിലെ പല അറ്റകുറ്റപ്പണികളും സ്വന്തം പണം മുടക്കിയാണ് പൊലീസുകാര്‍ ചെയ്തിരുന്നത്. 

2016 ആകുമ്പോള്‍ സംസ്ഥാനത്തെ പൊലീസ് സേനയില്‍ വനിതകളുടെ പ്രാതിനിധ്യം പത്തുശതമാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2014 ല്‍ സര്‍ക്കാര്‍ ജില്ലയ്ക്കു ചാര്‍ജ്ജ് നല്‍കി ഇത്തരത്തിലുള്ള വനിതാ പോലീസ് സ്റ്റേഷന്‍ ആരംഭിച്ചത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലായിരുന്നു ഇത്തരത്തില്‍ വനിതാ പൊലീസ് സ്‌റ്റേഷന്‍ ആരംഭിച്ചത്. കെട്ടിടത്തിന്റെ അപകടാവസ്ഥമൂലം സമീപത്തെ നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലെ കെട്ടിടത്തിലേക്ക് വനിതാ പൊലീസ് സ്‌റ്റേഷന്‍ താല്‍ക്കാലികമായി മാറ്റിയിട്ടുണ്ട്.