ആലപ്പുഴ: സ്റ്റൈപ്പന്‍റ് ലഭിക്കാത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥികള്‍ നടത്തിയ പിച്ചതെണ്ടി പ്രതിഷേധം ഫലം കണ്ടു. സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിക്കൊരുങ്ങിയതും വലിയ പ്രതിഷേധത്തിനിടയാക്കിയതോടെ മുടങ്ങിക്കിടന്ന സ്റ്റൈപ്പന്‍റ് വിതരണം ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ മെഡിക്കല്‍കോളേജ് അധികൃതരുടെ പ്രതികാര നടപടിക്കുള്ള നീക്കം പൊളിഞ്ഞു.

മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാര്‍ക്കും സീനിയര്‍ റെസിഡന്‍റുമാര്‍ക്കും ഡിസംബര്‍ മാസത്തെ സ്റ്റൈപ്പന്‍റ് ജനുവരി 20 ആയിട്ടും ലഭിച്ചിരുന്നില്ല. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടാകാതെ വന്നപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്. എന്നാല്‍ പിച്ഛ തെണ്ടി പ്രതിഷേധിക്കുകയും ഫേസ്ബുക്ക് ലൈവിലൂടെ ജീവനക്കാരുടെ അനാസ്ഥ ലോകത്തോട്വിളിച്ച് പറയുകയും ചെയ്ത പിജി ഡോക്ടര്‍മാര്‍ക്കെതിരെ പ്രതികാരനടപടിയുമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതര്‍ രംഗത്തുവന്നു. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ നീക്കം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പലത അന്വേഷണ കമ്മറ്റിയെ നിയോഗിച്ചു.

അധികൃതരുടെ പകപോക്കലിനെതിരെയും വലിയ പ്രതിഷേധമുയര്‍ന്നു. ഇതിന് പിന്നാലെയാണ് ഓഫീസ് ഫയലുകളിൽ കുരുങ്ങിക്കിടന്ന ആലപ്പുഴയിലെ ഡിസംബർ മാസത്തെ പിജി സ്റ്റൈപ്പന്റ് ബുധനാഴ്ച 11 മണിയോടു കൂടി വിതരണം ചെയ്തത്. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്നുവരുന്ന വേതന സമരം അവസാനിപ്പിച്ചു. പിജി അസോസിയേഷൻ പ്രസിഡന്റ് ബാലു പ്രജീഷ്, സെക്രട്ടറി സിയാദ് അഹമ്മദ് എന്നിവർ പ്രിൻസിപ്പാളിന്റെ സ്പെഷൽ പെർമിഷൻ പ്രകാരം പിജി വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത എമര്‍ജന്‍സി സിസിഎം മീറ്റിംഗിൽ വിദ്യാർത്ഥികളുടെ പരാതികളും ആശങ്കകളും പങ്കുവെച്ചു.

 വിദ്യാർത്ഥികർക്കെതിരെയുള്ള പരാതി അടിസ്ഥാന രഹിതമാണെന്ന് കമ്മിറ്റി കണ്ടെത്തുകയും അവർക്ക് മേൽ യാതൊരുതര നടപടികളും ഉണ്ടാകില്ല എന്ന് കൊളേജ് അധികൃതര്‍ ഉറപ്പു നൽകിയിട്ടുണ്ട്. പിജി സ്റ്റൈപ്പന്റ് ആലപ്പുഴ മെഡിക്കൽ കോളേജിൽ മാത്രം വൈകുന്നതിന്റെ കാരണം കണ്ടു പിടിച്ച് ഭാവിയിൽ സ്റ്റൈപ്പന്റ് നേരത്തെ തന്നെ ക്രെഡിറ്റ് ചെയ്യാനുള്ള നടപടി എടുക്കുകയും, വരും മാസങ്ങളിൽ അറ്റന്റൻസ് ഓഫീസിൽ കിട്ടുന്ന മുറക്ക് മൂന്ന് ദിവസത്തിനുളളിൽ ഓഫീസ് ജോലികൾ മുഴുവൻ പൂർത്തിയാക്കാനും മീറ്റിംഗില്‍ തീരുമാനമായി.