ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന്  'പുതിയ ലഹരി'യുമായി പൊലീസ്

കോഴിക്കോട്: നാടെങ്ങും ലോകകപ്പ് ഫുട്ബോള്‍ ലഹരിയില്‍ മുഴുകുമ്പോള്‍ ഫുട്ബോളിലൂടെ ലഹരിക്കെതിരെ ബോധവത്ക്കരണവുമായി താമരശേരി പൊലീസ് കളത്തിലിറങ്ങി. താമരശേരി ഡിവൈഎസ്പി. പിസി സജീവന്‍റെ നേതൃത്വത്തിലാണ് കായിക ലഹരിയെന്ന സന്ദേശവുമായി ഷൂട്ടൗട്ട് മേളയും സൗഹൃദ ഫുട്ബോള്‍ മത്സരവും സംഘടിപ്പിച്ചത്.

മയക്കുമരുന്നിന്‍റെ ലഹരിക്ക് പകരം കായിക ലഹരി നുണയാന്‍ പുതുതലമുറക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെയാണ് താമരശേരി പൊലീസ് ഷൂട്ടൗട്ട് മേളയും സൗഹൃദ ഫുട്ബോള്‍ മത്സരവും സംഘടിപ്പിച്ചത്. ഡിവൈഎസ്പി. പിസി സജീവന്‍റെ നേതൃത്വത്തിലുള്ള ടീമും സബ് ഇന്‍സ്‌പെക്റ്റര്‍ ടി അഗസ്റ്റിന്‍റെ നേതൃത്വത്തിലുള്ള ടീമും തമ്മിലായിരുന്നു സൗഹൃദ മത്സരം. താമരശേരി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടി ഡിവൈഎസ്പിയുടെ കിക്കോടെയാണ് തുടക്കം കുറിച്ചത്.

ഷൂട്ടൗട്ടില്‍ ഏഴിനെതിരെ 13 ഗോളുകള്‍ക്ക് ഇന്‍സ്‌പെക്ടറുടെ ടീം വിജയിച്ചു. തുടര്‍ന്ന് നടന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തിലും ഡി വൈഎസ്പിയുടെ ടീം പരാജയം സമ്മതിച്ചു. യുവതലമുറയെ മയക്കുമരുന്നിന്‍റെ ലഹരിയില്‍ നിന്നും മോചിപ്പിച്ച് കായിക വിനോദത്തിന്‍റെ ലഹരിയിലേക്കെത്തിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നതെന്ന് ഡിവൈഎസ്പി. പിസി. സജീവന്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ എസ്ഐ സായൂജ് കുമാര്‍, ട്രാഫിക് എസ്ഐ അബ്ദുല്‍ മജീദ്, അഡീഷനല്‍ എസ്ഐ അബ്ദുസലീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.