റാഞ്ചി : മദ്യം വാങ്ങാന്‍ പണത്തിന് ദമ്പതികള്‍ കുഞ്ഞിനെ വിറ്റു. ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മദ്യത്തിനടിമകളായ ദമ്പതികള്‍ മദ്യം വാങ്ങാനായി ഒന്നരമാസം പ്രായമായ ആണ്‍ കുഞ്ഞിനെയാണ് 45,000 രൂപയ്ക്ക് വിറ്റത്. രാജേഷ് ഹെംബോം എന്ന 30 കാരനും 28 കാരിയുമായ ഭാര്യയുമാണ് മദ്യം വാങ്ങാനായി കുഞ്ഞിനെ വിറ്റത്.

പത്ത് വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികളാണ് അലക്കുതൊഴില്‍ ചെയ്ത് ജീവിക്കുന്ന ഈ ദമ്പതികള്‍ക്ക്. 45,000 രൂപ നല്‍കി സന്തോഷ് സാഹിഫ് എന്നയാളാണ് ദമ്പതികളില്‍ നിന്നും കുഞ്ഞിനെ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഏജന്‍റായ ഇയാള്‍ കുഞ്ഞിനെ തുടര്‍ന്ന് ചക്രധാര്‍പൂര്‍ സ്വദേശി മേഘു മഹാതോക്ക് കുട്ടിയെ വിറ്റു.

കുട്ടികളെ കടത്തുന്നവരും നിര്‍ബ്ബന്ധിത വാടക ഗര്‍ഭധാരണം നടത്തുന്നതുമായ റാക്കറ്റുകള്‍ ഝാര്‍ഖണ്ഡില്‍ ശക്തമാണ്. ആദിവാസി സമൂഹമാണ് ഇവരുടെ ചൂഷണത്തിന് കൂടുതലും ഇരയാകുന്നത്. ദാരിദ്രം രൂക്ഷമായ ഝാര്‍ഖണ്ഡിലെ ഗ്രാമീണ മേഖലകളില്‍ ശിശു വ്യാപാരം വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. പൊലീസ് പിടികൂടിയ സന്തോഷും മഹാതോയും ജയിലിലാണ്. കുട്ടിയെ പിന്നീട് മാതാപിതാക്കളെ തിരികെ ഏല്‍പ്പിച്ചു.