മലപ്പുറം സ്വദേശിയായ ജയപ്രകാശും ഭാര്യയും തമ്മിലുള്ള ജീവനാംശ കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ . ജഡ്ജിമാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തിയതിന് ഭർത്താവിനെതിരെ കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി. നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച കോടതി ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകി.
ദില്ലി: മലപ്പുറം സ്വദേശി ജയപ്രകാശ് ഇ.പിയും പത്തനംതിട്ട സ്വദേശി ഷേണിയും തമ്മിലുള്ള വിവാഹമോചനക്കേസിലെ നടപടിയാണ് സുപ്രീംകോടതിയിൽ എത്തിയത്. ഭാര്യയ്ക്ക് ജോലി ഉണ്ടായിട്ടും ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാകുമോ എന്നതായിരുന്നു സുപ്രീംകോടതിയിലെ ഹർജിയിലെ ചോദ്യം.കേസ് നടക്കുന്ന തിരുവല്ലയിലെ കുടുംബക്കോടതി ഇതിന് കഴിയില്ലെന്ന് വ്യക്തമാക്കി. എന്നാൽ ഹൈക്കോടതി ജയപ്രകാശിന്റെ ഭാര്യയ്ക്ക് താൽകാലിക ജോലിയാണെന്ന് വ്യക്തമാക്കി ജീവനാംശത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കി, തുക തീരുമാനിക്കാൻ കുടുംബക്കോടതിക്ക് നിർദ്ദേശവും നൽകി.ഇതിനെതിരെയാണ് അപ്പീൽ സുപ്രീംകോടതിയിൽ എത്തിയത്. എന്നാൽ കേസുമായി ബന്ധപ്പെട്ട നടപടികൾക്കിടെ ഹർജിക്കാരനായ ജയപ്രകാശ് ഇ.പി നിരന്തരം ഫേസ്ബുക്കിലൂടെ ജഡ്ജിമാർക്കും ജൂഡീഷ്യറിക്കെതിരെയും അപവാദ പ്രചാരണങ്ങൾ നടത്തുകയാണെന്ന് ഭാര്യ കോടതിയിൽ നൽകിയ മറുപടിയിൽ അറിയിച്ചു. ഒപ്പം 2023ൽ വിധി പറയാൻ വൈകിയെന്ന് കാട്ടി തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ വാഹനം തല്ലിതകർത്ത പ്രതിയാണെന്നും കോടതിയെ അറിയിച്ചു. ഫേസ്ബുക്കിലെ പോസ്റ്റുകൾ പരിശോധിച്ച് ജഡ്ജിമാരായ എ അമാനുള്ള, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് പരിധി വിട്ടുള്ള പ്രതികരണമാണ് ഹർജിക്കാരൻ നടത്തുന്നത് എന്ന് നീരീക്ഷിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരെയടക്കം മോശമായ പ്രയോഗം നടത്തിയതിനെയും കടുത്തഭാഷയിൽ വിമർശിച്ചു. തുടർന്നാണ് ഈ പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ ജയപ്രകാശിനെതിരെ കോടതിയലക്ഷ്യ നടപടികൾ തുടങ്ങുകയാണെന്ന് കോടതി വ്യക്തമാക്കി, കൂടാതെ നവംബറിൽ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശം.ഒപ്പം ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി
