ഗുജറാത്തിൽനിന്നുള്ള കുടുംബത്തിലെ മൂന്നുപേരെയാണ് യുഎസിലേക്കുള്ള യാത്രയ്ക്കിടെ കാണാതായത്. അതേസമയം, ഇവരെ തട്ടിക്കൊണ്ടുപോയതായി ഫോൺസന്ദേശം ലഭിച്ചതായും കുടുംബം പറഞ്ഞു. വിട്ടയക്കണമെങ്കിൽ ഒരുകോടി രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടതെന്നും കുടുംബം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഗാന്ധിനഗർ(ഗുജറാത്ത്): അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യക്കാരായ മൂന്നുപേരെ കാണാതായെന്ന് പരാതി. ഗുജറാത്തിൽനിന്നുള്ള കുടുംബത്തിലെ മൂന്നുപേരെയാണ് യുഎസിലേക്കുള്ള യാത്രയ്ക്കിടെ കാണാതായത്. അതേസമയം, ഇവരെ തട്ടിക്കൊണ്ടുപോയതായി ഫോൺസന്ദേശം ലഭിച്ചതായും കുടുംബം പറഞ്ഞു. വിട്ടയക്കണമെങ്കിൽ ഒരുകോടി രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടതെന്നും കുടുംബം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഗുജറാത്തിലെ മെഹ്സാന സ്വദേശി മംമ്ത ഛാവ്ഡ(30) ബന്ധുക്കളായ ഋത്വിക് ജൻസാരി(23) മയൂരി സൊളാങ്കി(27) എന്നിവരെയാണ് യുഎസിലേക്കുള്ള യാത്രയ്ക്കിടെ കാണാതായത്. ഗുജറാത്തിലെ ഒരു ഏജന്റ് മുഖേന ഒരാൾക്ക് 75 ലക്ഷം രൂപ നൽകിയാണ് മൂവരും അനധികൃത മാർഗത്തിലൂടെ യുഎസിലേക്ക് കടക്കാൻ ശ്രമിച്ചത്.
മംമ്തയുടെ ഭർത്താവ് കഴിഞ്ഞ മൂന്നുവർഷമായി സ്റ്റുഡന്റ് വിസയിൽ യുഎസിലുണ്ട്. ഇതിനിടെ മംമ്തയും യുഎസിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും ആറുതവണയാണ് ഇവർക്ക് വിസ നിഷേധിച്ചത്. ഇതോടെയാണ് മംമ്തയും ബന്ധുക്കളായ രണ്ടുപേരും അനധികൃതമായി യുഎസിലേക്ക് കടക്കാനുള്ള വഴിതേടിയത്. ഇതിനായി അൽപേഷ് പഞ്ചൽ എന്ന ഏജന്റിനെ മൂവരും ബന്ധപ്പെട്ടു. ഇയാൾ വഡോദരയിലുള്ള മറ്റൊരു ഏജന്റായ ഭാർഗവ് പട്ടേലിനെ പരിചയപ്പെടുത്തി നൽകി. ഒരാൾക്ക് 75 ലക്ഷം രൂപ നൽകിയാൽ യുഎസിൽ എത്തിക്കാമെന്നായിരുന്നു ഏജന്റിന്റെ വാഗ്ദാനം. തുടർന്ന് മൂവരും ഇത് അംഗീകരിക്കുകയും ഒരാൾക്ക് 70 ലക്ഷം രൂപവെച്ച് നൽകുകയുമായിരുന്നു.
സെപ്റ്റംബർ 20-നാണ് മൂവരും ഗുജറാത്തിൽനിന്ന് യാത്രതിരിച്ചത്. ആദ്യം രാജസ്ഥാനിലെ ജയ്പുരിലേക്കാണ് ഏജന്റ് ഇവരെ കൊണ്ടുപോയത്. അവിടെനിന്ന് വിമാനമാർഗം അബുദാബിയിൽ എത്തിച്ചു. തുടർന്ന് എത്യോപ്യയിലെ ആഡിസ് അബാബയിലും എത്തി. എന്നാൽ, സെപ്റ്റംബർ 22-ന് മംമ്ത ഛാവ്ഡ വീട്ടിലേക്ക് ഫോൺ വിളിച്ചപ്പോൾ തങ്ങൾ കാനഡിയിലെത്തിയെന്നാണ് പറഞ്ഞിരുന്നത്. അതേസമയം, മൂവരും കാനഡയിൽ എത്തിയിട്ടില്ലെന്നും എത്യോപ്യയിലാണുള്ളതെന്നും പിന്നീട് ഏജന്റുമാർ അറിയിച്ചപ്പോഴാണ് കുടുംബത്തിന് മനസിലായത്.
എത്യോപ്യയിൽ എത്തിയതിന് പിന്നാലെ മൂവരുടെയും മൊബൈൽഫോണുകൾ സ്വിച്ച് ഓഫായി. ഇതോടെ ഇവരെ ബന്ധപ്പെടാൻ കഴിയാതായി. ഇതിനിടെയാണ് ഖാൻ എന്ന് പരിചയപ്പെടുത്തിയ ഒരാളുടെ ഫോൺസന്ദേശം കുടുംബത്തിന് ലഭിക്കുന്നത്. മൂവരെയും തട്ടിക്കൊണ്ടുപോയതായും വിട്ടയക്കണമെങ്കിൽ ഒരുകോടി രൂപ നൽകണമെന്നുമായിരന്നു ആവശ്യം. ഇതോടെ മംമ്തയുടെ കുടുംബം പൊലീസിനെയും സർക്കാരിനെയും സഹായംതേടി സമീപിക്കുകയായിരുന്നു.
മംമ്ത ഉൾപ്പെടെയുള്ള മൂന്നുപേരെയും കാനഡയിൽവെച്ച് തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബം ആദ്യം കരുതിയിരുന്നത്. എന്നാൽ, ഗുജറാത്തിലെ ഏജന്റായ അൽപേഷ് പഞ്ചലിനെ ചോദ്യംചെയ്തതോടെയാണ് മൂവരും കാനഡയിൽ എത്തിയിട്ടില്ലെന്നും എത്യോപ്യയിൽവെച്ചാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നും വ്യക്തമായത്. എത്യോപ്യയിലുള്ള സംഘത്തിന് താൻ നേരത്തേ 60 ലക്ഷം രൂപ നൽകിയതാണെന്നും എന്നാൽ ഇതിനുപുറമേയാണ് സംഘം ഒരുകോടി രൂപ ആവശ്യപ്പെടുന്നതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ട്രാവൽ ഏജന്റുമാരെയും ഇവരുടെ ഫോൺവിളി വിവരങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോൺകോൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.


