ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ലോക രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് കേന്ദ്രസര്‍ക്കാര്‍. ചൈനീസ് വെല്ലുവിളി നേരിടാന്‍ ഇന്ത്യ പൂര്‍ണസജ്ജമാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു.രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഏകപക്ഷീയമായി സിക്കിം അതിര്‍ത്തിയിലെ ദോക്‌ലയില്‍ ചൈന നടത്തിയ ഇടപെടലാണ് ഇന്ത്യ ചൈന ബന്ധം വഷളാക്കിയതെന്നായിരുന്നു രാജ്യസഭയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വിശദീകരണം.

ഇരുരാജ്യങ്ങളും സൈനികരെ പിന്‍വലിച്ചു ചര്‍ച്ച നടത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനു നയതന്ത്ര തലത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് ഇന്ത്യയുടെ ശ്രമമെന്നും സുഷമാ സ്വരാജ് പറഞ്ഞു. ഹിന്ദു ദേശീയവാദ വികാരത്തെ തൃപ്തിപ്പെടുത്താനുള്ള നരേന്ദ്രമോദിയുടെ ശ്രമമാണ് ഇന്ത്യ ചൈന ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതെന്നാണ് ചൈനയുടെ ഔദ്യോഗിക വെബ്സൈറ്റായ ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഇത് യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദോക്‌ലയില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്നും ലേഖനം വിശദീകരിക്കുന്നു. ഈ മാസം 27, 28 തീയതികളില്‍ ബ്രിക്‌സ് യോഗത്തില്‍ പങ്കെടുക്കാന്‍ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ ചൈനയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായിട്ടില്ലെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ഭാഗ്‍ലെ അറിയിച്ചു