ആലപ്പുഴ: പ്രാദേശിക സി.പി.എം നേതാക്കളുടെ ഗുണ്ടായിസത്തിനെതിരായ ഗ്യാസ് ഏജന്‍സി ഉടമയുടെ പോരാട്ടം സമരപാതയിലേക്ക്. ഓള്‍ ഇന്ത്യ എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ വിഷയം ഏറ്റെടുത്തു. മാരാരിക്കുളം തിരുവോണം ഗ്യാസ് ഏജന്‍സി ഉടമയും വിമുക്ത ഭടനുമായ ബി.വിജയകുമാറിനെ പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ വളഞ്ഞിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി.
വിഷയത്തില്‍ പൊലീസ് ഉഴപ്പുകയാണെന്നാരോപിച്ച് 14ന് ജില്ലയിലെ പാചക വാതക വിതരണക്കാര്‍ പ്രവര്‍ത്തനവും വിതരണവും നിര്‍ത്തിവയ്ക്കും. എന്നിട്ടും വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് തീരുമാനം. വിജയകുമാറിനെ അക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് വിതരണം നിര്‍ത്തി സമരം.
ജില്ലയിലെ 37 പാചകവാതക വിതരണ ഏജന്‍സികളും സമരത്തില്‍ പങ്കെടുക്കും. പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ സംഭവത്തിലെ പ്രതികളെ പിടികൂടുന്നതില്‍ തികഞ്ഞ അനാസ്ഥ തുടരുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. എന്നിട്ടും പൊലീസ് പ്രതികളെ പിടികൂടുവാന്‍ തയ്യാറാകുന്നില്ല. ഹൈക്കോടതിയില്‍ നിന്ന് ഗ്യാസ് ഏജന്‍സി ഉടമയ്ക്ക് അനുകൂലമായ ഉത്തരവ് ഉണ്ടായ സാഹചര്യത്തില്‍ ഇത് നടപ്പാക്കപ്പെടണം. അല്ലാത്തപക്ഷം സംസ്ഥാന വ്യാപകമായി പാചകവാതക വിതരണം നിറുത്തിവയ്‌ക്കേണ്ടതായി വരുമെന്നും ഓള്‍ ഇന്ത്യ എല്‍.പി.ജി. ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.സനല്‍ കുമാര്‍ പറഞ്ഞു.
ഏഴു വര്‍ഷം മുമ്പാണ് വിജയകുമാര്‍ മാരാരിക്കുളത്ത് തിരുവോണം ഗ്യാസ് ഏജന്‍സി ആരംഭിക്കുന്നത്. പ്രതിമാസം 4000 സിലിണ്ടര്‍ മാത്രമാണ് ഇവിടെ വിതരണം ചെയ്യുന്നത്. പരമാവധി അഞ്ചുതൊഴിലാളികളെയാണ് ഇതിന് വേണ്ടത്. എന്നാല്‍ സി.പി.എമ്മിന്റെ മാരാരിക്കുളം ഏരിയാകമ്മിറ്റി നേതൃത്വം നിര്‍ദ്ദേശിച്ചതനുസരിച്ച് നാലു തൊഴിലാളികളെക്കൂടി ജോലിക്ക് നിയമിക്കേണ്ടി വന്നു. തന്നെ നിര്‍ബന്ധിച്ചാണിത് ചെയ്യിച്ചതെന്ന് വിജയകുമാര്‍ പറയുന്നു.
ജോലിക്കെടുത്തില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കുമെന്നായിരുന്നു ഭീഷണി. ഈ തൊഴിലാളികള്‍ കൃത്യമായി ജോലിയെടുത്തിരുന്നില്ല. തനിക്കും ഉപഭോക്താക്കള്‍ക്കും പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കി. 20 മുതല്‍ 100 രൂപവരെ അനധികൃതമായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നു. കഴിഞ്ഞ ഓണത്തിന് വന്‍തുക ഇവര്‍ ബോണസ് ആവശ്യപ്പെട്ടു.
നിയമപ്രകാരം ഉത്സവബത്തയാണ് നല്‍കേണ്ടത്. എന്നാല്‍ സി.ഐ.ടി.യു യൂണിയന്‍ വന്‍ തുകയാണ് ഉത്സവബത്തയായി ആവശ്യപ്പെട്ടത്. ഇതിന് വഴങ്ങാതെ വന്നതോടെ യൂണിയന്‍ പണിമുടക്ക് ആരംഭിച്ചു. 70 ദിവസമായി സമരം തുടങ്ങിയിട്ട്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. വിജയകുമാറിന് വ്യാപാരം നടത്താന്‍ സുരക്ഷയൊരുക്കണമെന്ന് പൊലീസിനോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി വിധി വന്നു.
എന്നാല്‍ ഇത് നടപ്പാക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം സി.പി.എം ഏരിയാ നേതൃത്വം പറഞ്ഞിട്ടാണെന്ന് ആക്രോശിച്ച് രണ്ട് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സംഘം വിജയകുമാറിനെ ആക്രമിച്ചു. പൊലീസിനെ സമീപിച്ചെങ്കിലും മാരാരിക്കുളം എസ്.ഐ വാദിയെ പ്രതിയാക്കാനാണ് ശ്രമിച്ചത്.
തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവായി കാട്ടിയതോടെയാണ് പൊലീസ് കേസെടുത്തതെന്നും വിജയകുമാര്‍ പറയുന്നു. എന്നാല്‍ ജോലിചെയ്യുന്നതിന് കൂലിയും ബോണസും തരാതിരിക്കുന്ന സ്ഥാപനമുടമയ്‌ക്കെതിരാണ് സമരമെന്ന് സി.ഐ.ടി.യു തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം, ബോണസ് എന്നിവ നല്‍കാന്‍ ബി. വിജയകുമാര്‍ തയ്യാറായില്ല.
കളക്ടര്‍ വിളിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നിയമത്തെ വെല്ലുവിളിക്കുകയാണ് ഇയാള്‍ ചെയ്തത്. ജോലിക്ക് നിയമപ്രകാരമുള്ള വേതനം ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് തൊഴിലാളികളുടെ നിലപാട്.
