ഭൂപരിഷ്ക്കരണ നിയമം നടപ്പാക്കി തുടങ്ങിയ 1970 ജനുവരി ഒന്നുമുതല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണ് ലാന്‍ഡ് ബോര്‍ഡ് പുറത്ത് വിടുന്നത്.
തിരുവനന്തപുരം: ഭൂപരിഷ്ക്കരണ നിയമം നിലവില്‍ വന്നശേഷം സംസ്ഥാനത്ത് വിതരണം ചെയ്യാനായത് കണ്ടെത്തിയതില്‍ പകുതി മിച്ചഭൂമി മാത്രം. ആറായിരം ഹെക്ടറിലധികം ഭൂമിയുടെ ഏറ്റെടുക്കല്‍ നടപടികള്‍ കേസില്‍ പെട്ടതിനാല്‍ എവിടെയുമെത്തിയിട്ടില്ലെന്നാണ് സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്‍റെ കണക്ക്. ഭൂപരിഷ്ക്കരണ നിയമം നടപ്പാക്കി തുടങ്ങിയ 1970 ജനുവരി ഒന്നുമുതല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണ് ലാന്‍ഡ് ബോര്‍ഡ് പുറത്ത് വിടുന്നത്.
40498. 85 ഹെക്ടര്‍ മിച്ച ഭൂമി ഇതുവരെ കണ്ടെത്താനായി. ഇതില്‍ 28750.25 ഹെക്ടര്‍ അതായത് എഴുപത്തിയൊന്നായിരത്തി 13 ഏക്കര്‍ മാത്രമാണ് വിതരണം ചെയ്യാനായത്. 178143 ഭൂരഹിതര്‍ക്ക് ഭൂമി നല്‍കി. 6003.56 ഹെക്ടര്‍ ഭൂമി കേസുകളില്‍ പെട്ട് കിടക്കുകയാണ്. അതിനാല്‍ നടപടികള്‍ എവിടെയുമെത്തിയിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കൈവശക്കാര്‍ നല്‍കിയ 1400 ഓളം കേസുകളാണ് വര്‍ഷങ്ങളായി കോടതികളില്‍ കെട്ടികിടക്കുന്നത്. നാല് പതിറ്റാണ്ടിനിപ്പറം പഴക്കമുള്ള കേസുകളില്‍ പോലും തീര്‍പ്പായിട്ടില്ല.
തിരുവമ്പാടി എംഎല്‍എ ജോര്‍ജ്ജ് എം തോമസിന്‍റെ കേസ് ഇതിന് ഉദാഹരണമാണ്. 1976ലാണ് കോഴിക്കോട് താലൂക്ക് ബോര്‍ഡില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരം കേസുകളില്‍ കൂടി തീര്‍പ്പുണ്ടായലേ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂയെന്നാണ് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സി.എ ലതയുടെ പ്രതികരണം. മിച്ചഭൂമിയായി കണ്ടെത്തിയ സ്ഥലം കൈവശക്കാരുടെ കൈയില്‍ തുടരുന്നതോ വില്‍പന നടന്നതോ ആയ സാഹചര്യമാണുള്ളത്. നടപടികളിലെ കാലതാമസം ഒരു പരിധി വരെ ഇവര്‍ക്കൊക്കെ തുണയാകുകയാണ്.
