കാസർകോട്: കാസർഗോഡ് ഇന്ന് സർവ്വ കക്ഷി സമാധാന യോഗം. ഉച്ചക്ക് രണ്ട് മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി ഇ ചന്ദ്രശേഖരന്‍റെ അധ്യക്ഷതയിലാണ് സാമാധാന യോഗം. പെരിയ ഇരട്ടക്കൊലപാതകത്തിന്‍റെ തുടർന്നുണ്ടായ ആക്രമങ്ങളുടെയും പശ്ചാത്തലത്തിൽ സംഘർഷങ്ങൾക്ക് തടയിടുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്.

മുഴുവൻ രാഷ്ട്രീയ പാർട്ടികളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. അതേ സമയം സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ നേതൃത്വം നടത്തുന്ന 48 മണിക്കൂർ ഉപവാസത്തിന് ഇന്ന് തുടക്കമാകും. പത്ത് മണിമുതൽ സിവിൽസ്റ്റേഷന് മുന്നിലാണ് ഉപവാസം. മുൻ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരൻ അടക്കമുള്ളവർ പങ്കെടുക്കും. 

ശരത്ലാലിനേയും കൃപേഷിനേയും സംസ്കരിച്ചിടത്ത് പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് ഉപവാസ സമരം തുടങ്ങുക. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരണത്തിനുമായി പ്രതികളെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെക്കൂടി പിടികൂടാനുണ്ട്. കൂടെ പ്രതികളെ സഹായിച്ചവരും ഗൂഢാലോചന നടത്തിയവരുമടക്കമുള്ളവരേയും കണ്ടെത്തണം. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ഇവയെല്ലാം പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ഇരകളുടെ കുടുംബം.