മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ സര്‍വകക്ഷി സമാധാനയോഗം ചേര്‍ന്നത്. മന്ത്രിമാരായ എ.കെ ബാലനും കടന്നപ്പളളി രാമചന്ദ്രനും രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രമുഖനേതാക്കളും യോഗത്തിനെത്തി. ഇനിയൊരു കൊലപാതകമുണ്ടായാല്‍ ഉത്തരവാദിത്തം ബന്ധപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടിക്കായിരിക്കുമെന്ന തീരുമാനമാണ് യോഗത്തില്‍ പ്രധാനമായും ഉണ്ടായത്. അക്രമം നടത്തുന്നവര്‍ക്ക് ഒരു പിന്തുണയും നല്‍കില്ലെന്ന് മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി.
ഒക്ടോബര്‍ 24ന് ചേര്‍ന്ന സമാധാന യോഗത്തിലെടുത്ത തീരുമാനങ്ങളിലും ചര്‍ച്ച നടന്നു. ജില്ലാ പൊലീസ് മേധാവി രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ പെരുമാറ്റച്ചട്ടത്തെച്ചൊല്ലി വിമര്‍ശനമുണ്ടായി. സമാധാനം സ്ഥാപിക്കാന്‍ പൊലീസെടുക്കുന്ന ഏകപക്ഷീയ നടപടികളെ അംഗീകരിക്കാനാകില്ലെന്ന നിലപാട് സി.പി.എം ആവര്‍ത്തിച്ചു. എസ്.പിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നായിരുന്നു എ.കെ ബാലന്റെ മറുപടി. രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്താണ് സംഘര്‍ഷ മേഖലകളില്‍ ശാന്തിയാത്ര നടത്തുക. ഇത് എവിടെയൊക്കയെന്നും എങ്ങനെയെന്നും പിന്നീട് തീരുമാനിക്കും.
