ദില്ലി: ടാക്‌സികളില്‍ ചൈല്‍ഡ് ലോക്ക് എങ്ങനെ ഉപയോഗിക്കാമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി ദില്ലി ഗതാഗത വകുപ്പിന്റെ ഉത്തരവിറക്കാന്‍ തീരുമാനം. തിങ്കളാഴ്‌ച്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ ടാക്‌സികളില്‍ നാല് സ്‌റ്റിക്കറുകളെങ്കിലും പതിപ്പിക്കണമെന്നാണ് നിര്‍ദേശം. സ്റ്റിക്കര്‍ പതിച്ചാല്‍ മാത്രമേ ടാക്‌സികളുടെ പെര്‍മിറ്റ് അനുവദിക്കുകയുള്ളുവെന്നും യോഗത്തില്‍ തീരുമാനിച്ചു.
സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് സംസ്ഥാന ഗതാഗത വകുപ്പ് ഇത്തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത്. വാഹനങ്ങളുടെ നാല് ഡോറുകളുടെ സമീപത്തും മുന്നിലും പിന്നിലുമുള്ള ഗ്ലാസുകളിലും സ്റ്റിക്കര്‍ പതിപ്പിക്കണം.
ഉത്തരവ് പുറത്തിറങ്ങുന്നതോടെ ദില്ലിയിലെ രണ്ട് ലക്ഷത്തോളം വാഹനങ്ങളില്‍ സ്‌റ്റിക്കര്‍ പതിപ്പിക്കേണ്ടി വരും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കും. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷനാണ് ഇത്തരത്തിലുള്ള നിര്‍ദേശം മുന്നോട്ടു വച്ചത്.
