ഐജിയോടും എഎസ്പിയോടും മോശമായി പെരുമാറി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍
അലഹബാദ്: പരിശോധനയ്ക്കായി കാർ നിർത്തനാവശ്യപ്പെട്ട പൊലീസുകാരോട് അപമര്യാദയായി പെരുമാറി ബിജെപി എംഎല്എ. അലഹബാദ് ബിജെപി എംഎൽഎ ഹർഷ വർദ്ധൻ വാജ്പേയാണ്
പൊലീസുകാരോട് അപമര്യാദയായി പെരുമാറിയത്. എംഎല്എ അപമര്യാദയായി പെരുമാറുന്ന വീഡിയോ വൈറലായതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്. ഇന്സ്പെക്ടര് ജനറല് രമിത്ത് ശർമ, എഎസ്പി സുകൃതി മാധവ് എന്നിവരോടാണ് എംഎൽഎ അപമര്യാദയായി പെരുമാറിയത്.
അലഹബാദിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഉത്തർപ്രദേശ് ഗവർണർ രാംനായികിനെ കാണാനായി മുൻമേയർ ചൗധരി ജിതേന്ദ്രനാഥ് സിങ്ങിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു എംഎൽഎ. എന്നാൽ സുരക്ഷ കാരണങ്ങളാൽ ആരേയും കടത്തിവിടാൻ സാധിക്കില്ലെന്ന് പറഞ്ഞ പൊലീസുകാരുമായി എംഎൽഎ തർക്കിക്കുകയായിരുന്നു. പരിശോധനയ്ക്കായി കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ, സാധിക്കില്ലെന്നും അത്യാവശ്യമായി ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടെന്നുമായിരുന്നു എംഎൽഎയുടെ മറുപടി. ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നും പൊലീസിനോട് പെരുമാറേണ്ടതെന്നും ഉദ്യോഗസ്ഥര് എംഎൽഎയോട് ആവശ്യപ്പെട്ടു.
എന്നാൽ നിര്ദേശം വകവയ്ക്കാതെ എംഎൽഎ പൊലീസുകാരോട് തട്ടികയറുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അടുത്തിടെ മധ്യപ്രദേശിലെ ഭോപാലിൽ പൊലീസ് ഉദ്യോഗസ്ഥനെ ബിജെപി എംഎൽഎ അടിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് ഏറെ വിമർശനങ്ങൾക്കും വിവാദൾക്കും വഴിയൊരുക്കി. ദേവാസ് ജില്ലയിൽ നിന്നുള്ള എംഎൽഎ ചമ്പാലാൽ ദേവ്ഡയാണു സന്തോഷ് ഇവൻഡിയെന്ന പൊലീസ് കോൺസ്റ്റബിളിനെ മർദിച്ചത്. സ്റ്റേഷനിലെത്തിയ ബന്ധുവിനെ സന്തോഷ് ശകാരിച്ചതിൽ പ്രകോപിതനായാണ് എംഎൽഎ പൊലീസിനെ മർദിച്ചത്.
