വിവിധ കേസുകളിലായി പരാതിക്കാർ നൽകിയ മെഡിക്കൽ റിപ്പോർട്ടുകൾ വായിക്കാൻ കഴിയുന്നില്ലെന്ന് കാട്ടി ഡോക്ടർമാർക്കെതിരെ 5000 രൂപ പിഴ ചുമത്തി. സിതാപൂർ, ഉന്നാവോ, ഗോണ്ട എന്നീ ജില്ലാ ആശുപത്രികളിലെ മൂന്ന് ഡോക്ടർമാർക്കെതിരെയാണ് നടപടി.  

ലക്നൗ: മോശം കൈയ്യെഴുത്തിൽ മരുന്നുകുറിപ്പുകൾ എഴുതി നൽകിയ ഡോകടർമാർക്കെതിരെ നടപടി എടുത്ത് അലഹാബാദ് ഹൈക്കോടതി. വിവിധ കേസുകളിലായി പരാതിക്കാർ നൽകിയ മെഡിക്കൽ റിപ്പോർട്ടുകൾ വായിക്കാൻ കഴിയുന്നില്ലെന്ന് കാട്ടി ഡോക്ടർമാർക്കെതിരെ 5000 രൂപ പിഴ ചുമത്തി. സിതാപൂർ, ഉന്നാവോ, ഗോണ്ട എന്നീ ജില്ലാ ആശുപത്രികളിലെ മൂന്ന് ഡോക്ടർമാർക്കെതിരെയാണ് നടപടി.

കഴിഞ്ഞ ആഴ്ച മൂന്ന് ക്രിമിനൽ കേസുകളിൽ വാദം കേൾക്കുകയായിരുന്ന കോടതി പരാതിക്കാരൻ ഹാജരാക്കിയ റിപ്പോർട്ട് വായിക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. തുടർന്ന് റിപ്പോർട്ട് തയ്യാറാക്കി നൽകിയ ഡോക്ടർമാരായ ടി.പി. ജയ്സ്വാൾ (ഉന്നാവോ), പി.കെ. ഗോയൽ (സിതാപൂർ), ആശിഷ് സക്സേന (ഗോണ്ട) എന്നിവർക്കെതിരെ നടപടി എടുക്കുകയായിരുന്നു. കോടതി നടപടികൾ തടസ്സപ്പെടുത്തിയെന്ന് കാണിച്ചാണ് ഇവർക്ക് പിഴ ചുമത്തിയത്. 

എളുപ്പ ഭാഷയിലും വ്യക്തമായ കൈയക്ഷരത്തിലും മെഡിക്കൽ റിപ്പോർട്ടുകൾ‌ തയ്യാറാക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുന്നതിന് മെഡിക്കൽ ആൻ‌‍‍ഡ് ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കും ഡയറക്ടർ ജനറലിനും നിർ​ദേശം നൽകി. ഇതിനായി റിപ്പോർട്ടുകൾ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.