യുപിയുടെ ആരോഗ്യമേഖലയെ ഭഗവാന്‍ രാമന്‍ രക്ഷിക്കട്ടെയെന്ന് കോടതി

First Published 14, Mar 2018, 4:46 PM IST
Allahabad High Court slams up health facilities
Highlights
  • ഭഗവാന്‍ രാമന്‍ രക്ഷിക്കട്ടെ എന്നല്ലാതെ ഒറ്റവാക്കില്‍ മറ്റൊന്നും പറയാനില്ല
  • മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് അലഹബാദ് ഹൈക്കോടതി

ലക്നൗ: കേരളം ആരോഗ്യ മേഖലയില്‍ ഉത്തര്‍പ്രദേശിനെ മാതൃകയാക്കണമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിടും മുമ്പ് യുപിയിലെ ആരോഗ്യമേഖല താറുമാറെന്ന് അലഹബാദ് ഹൈക്കോടതി. യുപിയിലെ ആരോഗ്യ മേഖലയെ ഭഗവാന്‍ രാമന്‍ രക്ഷിക്കട്ടെ എന്നാണ് അലഹബാദ് ഹൈക്കോടതി ഒരു വിധി പ്രസ്താവത്തില്‍ പറഞ്ഞിരിക്കുന്നത്. 

സംസ്ഥാനത്തെ ആരോഗ്യസ്ഥിതി അത്രയ്ക്ക് മോശമാണെന്നും ഭഗവാന്‍ രാമന്‍ രക്ഷിക്കട്ടെ എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍നിന്ന് സ്ത്രീയ്ക്ക് ചികിത്സ നിഷേധിച്ച സാഹചര്യത്തില്‍ ഇവര്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നിരീക്ഷണം. മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌നേഹലത ഹൈക്കോടതിയെ സമീപിച്ചത്. 

രാഷ്ട്രീയ പ്രവര്‍ത്തകരും മന്ത്രിമാരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നതിനാല്‍ അവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് അറിയേണ്ടതില്ലെന്ന് കണ്ടെത്തിയ കോടതി സര്‍ക്കാര്‍ ആശുപത്രികളെ സംരക്ഷിക്കാന്‍ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. 

ആശുപത്രികളിലെ ഒഴിവുകള്‍ നികത്തുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സതേടുക, വനിതാ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുക, സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ സിഎജി സംഘം ഓഡിറ്റ് നടത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കോടതി മുന്നോട്ട് വച്ചിരിക്കുന്നത്. 

യുപിയിലെ ഗൊരഖ്പൂര്‍ ആശുപത്രിയില്‍ 60 ഓളം കുട്ടികളാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. ആശുപത്രികളിലെ അനാസ്ഥയും സൗകര്യക്കുറവും ഇതിനിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ആശുപത്രി പരിസരത്ത് ആംബുലന്‍സ് ഉണ്ടായിട്ടും അനുവദിക്കാതെ ജപ്പാന്‍ ജ്വരം ബാധിച്ച പെണ്‍കുട്ടിയെ സ്‌ട്രെട്രെച്ചറില്‍ ഉന്തി റോഡ് മുറിച്ചു കടന്ന് എക്സ് റേ പരിശോധന കേന്ദ്രത്തിലെത്തിച്ചത് വിവാദമായിരുന്നു. വാഹനങ്ങള്‍ക്കിയിലൂടെ 500 മീറ്റര്‍ സഞ്ചരിച്ച് എക്സ്‌റേ സെന്ററിലെത്തിയപ്പോള്‍ ആളില്ലെന്നും പറഞ്ഞ് തിരിച്ചയക്കുകയാണ് അന്ന് ഉണ്ടായത്.
 

loader